SignIn
Kerala Kaumudi Online
Saturday, 27 June 2026 11.41 PM IST

ജനം വരച്ചത് ഉടനറിയാം: തെളിയുന്നു ഭരണനില

READ ENGLISH VERSION
election

തിരുവനന്തപുരം: മുന്നണി നേതാക്കളുടെ അവകാശവാദങ്ങൾക്കും അണികളുടെ കണക്കുകൂട്ടലുകൾക്കും വിട. ജനം കുറിച്ചതെന്തെന്ന് ഉടൻ തെളിയും. കേരളം ആര് ഭരിക്കുമെന്ന് ഇന്ന് 11മണിയോടെ വ്യക്തമാവും.

രാവിലെ എട്ടു മണിക്ക് നിയമസഭ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ,ഹോം, സർവീസ് വോട്ടുകൾ എണ്ണിതുടങ്ങുമെങ്കിലും ഔദ്യോഗികമായി ആദ്യം പുറത്തുവരുന്നത് ബൂത്തുകളിലെ ഇ.വി.എമ്മിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ ഫലസൂചന ആയിരിക്കും. എട്ടരയോടെയാണ് ഇ.വി.എം എണ്ണിതുടങ്ങുന്നത്. ഇ.വി.എം ഓരോ റൗണ്ട് എണ്ണിതീരുമ്പോഴും www.results.eci.gov.in എന്ന വെബ്സൈറ്റിൽ ഫലം അപ് ലോഡ് ചെയ്യും. അതിനിടെ അനൗദ്യോഗികമായി പോസ്റ്റൽ വോട്ടുഫലം ചാനലുകൾ പതിവുപോലെ പുറത്തുവിട്ടേക്കും. എന്നാൽ, പോസ്റ്റൽ, ഹോം, സർവീസ് വോട്ടുകൾ തിട്ടപ്പെടുത്താനും പാർട്ടി ഏജന്റുമാർ ഉന്നയിക്കുന്ന പരാതികൾ പരിഹരിച്ച് ഇലക്ഷൻ കമ്മിഷന്റെ വെബ് സൈറ്റിലേക്ക് നൽകാനും കൂടുതൽ സമയം വേണ്ടിവരും. ഇതിനാലാണ് ഇ.വി.എമ്മിലെ ലീഡ് ആദ്യം പുറത്തുവരുന്നത്. ഇക്കാര്യം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ രാവിലെ ഏഴോടെ സ്ട്രോംഗ് റൂമുകൾ തുറക്കും. ആ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് പകർത്താനാകില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ക്യു.ആർ.കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിടുന്നത്.

 വൈകിട്ട് 5 ന് പ്രഖ്യാപനം

വൈകിട്ട് അഞ്ചോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. വോട്ടെണ്ണലിന് തിടുക്കം വേണ്ടെന്നും തെറ്റ് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ ബോദ്ധ്യപ്പെടുത്തി വേണം ഓരോ ഘട്ടത്തിലേക്കും കടക്കേണ്ടതെന്നും ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. വീഴ്ചയുണ്ടായാൽ അച്ചടക്ക നടപടികളുണ്ടാകും. 15,465ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് ഉൾപ്പെടെ 32,301 സുരക്ഷാ ഭടൻമാരെയും നിയോഗിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA