SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

ഡോ. റാമിന്റെ അറസ്റ്റ്: ഡിവൈ.എസ്.പിക്കെതിരെ നടപടിയില്ലാത്തതിൽ ഹൈക്കോടതി വിമർശനം

a

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിന് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ സസ്‌പെൻഡ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ നടപടിയെടുക്കുന്നതിൽ ഒരാഴ്ചയ്‌ക്കകം നിലപാട് അറിയിക്കാനും ജസ്റ്റിസ് എ.ബദറുദ്ദീൻ സർക്കാരിനോട് നിർദ്ദേശിച്ചു.

വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ, വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം അച്ചടക്കനടപടി ഉണ്ടാകുമെന്നും സർക്കാർ വിശദീകരിച്ചു.

വീഴ്ചയുണ്ടായെന്ന് വയനാട് ജില്ല പൊലീസ് മേധാവിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനാൽ സസ്‌പെൻഡ് ചെയ്യുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. നടപടികൾ പൂർത്തിയാക്കാതെ സസ്‌പെൻഡ് ചെയ്താൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ വാങ്ങുമെന്നായിരുന്നു സർക്കാരിന്റെ മറുപടി.

ഉയർന്ന ഉദ്യോഗസ്ഥർ ഡിവൈ.എസ്.പിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ തുടരന്വേഷണം വേണമെന്ന ന്യായം പറയരുതെന്നും കോടതി വ്യക്തമാക്കി. വിഷയം 17 ന് വീണ്ടും പരിഗണിക്കും.
ക്രൈംബ്രാഞ്ച് സംഘം നിതിൻ രാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴി എടുത്തതായി കുടുംബത്തിനായി ഹാജരായ അഡ്വ. പാർവതി മേനോൻ കോടതിയെ അറിയിച്ചു. കെൽസ നിയോഗിച്ച അഭിഭാഷകയുടെ സാന്നിദ്ധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
നടപടിക്രമങ്ങൾ പാലിച്ച് പൊലീസ് രണ്ടാമത് അറസ്റ്റ് ചെയ്ത റാം നിലവിൽ ജയിലിലാണ്. ഡിവൈ.എസ്.പി സുധീറിനെ കോടതി നേരത്തെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA