SignIn
Kerala Kaumudi Online
Sunday, 17 May 2026 6.06 PM IST

ജാസ്‌ലിയയുടെ മരണം; ഡോക്‌ടർ സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

jaslia

കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ (26) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ അങ്കമാലി കോടതിയിലാവും ഹാജരാക്കുക. ഡോക്‌ടറെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും.

അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉയര്‍ത്തുക. സിറിയക്കിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജാസ്‌ലിയയെ കഴിഞ്ഞ മാസം 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. പാർട്‌ടൈം ജോലികഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് മടങ്ങുംവഴിയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ രക്തംവാർന്ന് കിടന്ന വിദ്യാർത്ഥിനിയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ജാസ്‌ലിയ മരിച്ചു.

ഇതോടെ പ്രതി സിറിയക് ഒളിവിൽപ്പോയി. പിന്നീട് വാഗമൺ കണ്ണംകുളത്തെ റിസോർട്ടിൽ നിന്ന് ഇന്നലെ വാഗമൺ പൊലീസാണ് സിറിയക്കിനെ കസ്റ്റഡിയിലെടുത്ത് എറണാകുളം റൂറൽ പൊലീസിന് കൈമാറിയത്. സിറിയക് ജോർജിനെ രക്ഷപ്പെടാൻ സഹായിച്ചതിന് അറസ്റ്റിലായ പിതാവ് ജോർജ് മാത്യുവിന് കോടതി ജാമ്യം അനുവദിച്ചു.

കാർ നിറുത്താതെ ഓടിച്ചുപോയ സിറിയക് ജോർജിനുവേണ്ടി റൂറൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറ്റേന്നാണ് ഇയാൾ പിടിയിലായത്. കാറിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അക്ഷയ് അങ്കമാലി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. സിറിയക് ജോർജിന്റെ ടവർ ലൊക്കേഷനുകൾ പിന്തുട‌ർന്നാണ് ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇവിടെ താടിയും മീശയും വടിച്ച് വേഷംമാറി താമസിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ കാർ തുറവൂരിൽ നിന്ന് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT, DEATH, JASLIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA