SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ആശാന്റെ കളരി നിറയെ പഴയ പടക്കുതിരകൾ

READ ENGLISH VERSION
cycle

കൊച്ചി: അന്ന് 12-ാംവയസിലാണ് 'സ്വന്തം കാറിൽ" പ്രശോഭ് കൂട്ടുകാരുമൊത്ത് കറങ്ങാനിറങ്ങിയത്. 1999ലാണ് ഇരുമ്പുപൈപ്പുകൾ വെൽഡ് ചെയ്തുണ്ടാക്കിയ ഫ്രെയിമിൽ 35 സി.സി ടി.വി.എസ് മോപ്പഡിന്റെ എൻജിൻ ഘടിപ്പിച്ച് ചെറു കാർ നിർമ്മിച്ചത്. രണ്ട് വർഷം കഴിഞ്ഞ് സ്വന്തമായി ബൈക്കും മോപ്പഡും ഉണ്ടാക്കി. പഴങ്കഥകളെ പിന്നിലാക്കിയ തൃപ്പൂണിത്തുറ ചൂരക്കാട് സ്വദേശിയായ ഈ 38കാരന്റെ വീടിന്റെ ടെറസിലും മുറ്റത്തുമായി ഇപ്പോൾ 30 അപൂർവ വാഹനങ്ങളുണ്ട്.
പഴഞ്ചന്മാരെന്ന് തോന്നാവുന്ന ഈ പ്രതാപശാലികൾ 'കൈകൊടുത്താൽ" മുരൾച്ചയോടെ പടക്കുതിരകളാകും. ഹോളണ്ട്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെയടക്കം 19 മോപ്പഡുകൾ, 4 ബൈക്കുകൾ, 3 കാറുകൾ, സ്വന്തമായി നിർമ്മിച്ച 3 ക്വാഡ്‌ബൈക്കുകൾ എന്നിവയ്ക്കു പുറമേ ബൈക്കിലെ ബേബിയായ 'ബോബി"യുമുണ്ട് കൂട്ടത്തിൽ. ഏറെയും റണ്ണിംഗ് കണ്ടീഷനിൽ. 1942ലെമോപ്പഡുകൾ വരെയുണ്ട്.

ഹോളണ്ടിലെ 1942 മോഡൽ സോളക്‌സ് 330, ഫ്രാൻസിലെ 1952 മോഡൽ മൊബിലെറ്റ് എ.വി 33, റോയൽ ഇംഗ്ലണ്ട് ഫിലിപ്സ് മോപ്പഡുകളാണ് കാരണവൻമാർ. പഞ്ചാബ്, യു.പി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പാർട്‌സും ഒറിജിനൽ എൻജിനും സംഘടിപ്പിച്ചത്. ഒരു വാഹനവും വിൽക്കില്ല. വാഹനങ്ങളുടെ മ്യൂസിയം സജ്ജമാക്കണമെന്നാണ് ആഗ്രഹം.

സ്‌കൂൾ വിദ്യാഭ്യാസം മാത്രമാണ് പ്രശോഭിന്റെ കൈമുതൽ. വർക്ക്ഷോപ്പിൽ പോയിട്ടില്ല. ആശാന്മാരുമില്ല. വായിച്ചും പരീക്ഷിച്ചും പഠിച്ചെടുത്തു. വിശ്വാസം തോന്നി പലരും വാഹനം നന്നാക്കാൻ കൊണ്ടുവന്നതോടെ അറിയപ്പെടുന്ന മെക്കാനിക്കായി. വീട്ടുമുറ്റമാണ് വർക്ക്‌ഷോപ്പ്. അശ്വതിയാണ് ഭാര്യ. രണ്ടാംക്ലാസുകാരൻ അഭിഷേക് മകൻ.

കുടുക്കയിലെ കാശിൽ തുടക്കം

അച്ഛൻ ആനന്ദകൃഷ്ണന് സ്വർണപ്പണിയായിരുന്നെങ്കിലും പ്രശോഭിന് വാഹനങ്ങളോടായിരുന്നു കമ്പം. കുടുക്കയിലെ പണം കൊണ്ടാണ് സ്വപ്‌നങ്ങൾ സഫലമാക്കിയത്. കാറിലായിരുന്നു തുടക്കമെങ്കിലും 14-ാംവയസിൽ നിർമ്മിച്ച റെഡ്‌ഹോഴ്‌സ് എന്ന ബൈക്കാണ് സംതൃപ്തി നൽകുന്നത്. മോപ്പഡ് എൻജിനും 18 ഇഞ്ച് സൈക്കിൾ ടയറും ഘടിപ്പിച്ച ബൈക്ക് ഉന്തിയാണ് സ്റ്റാർട്ടാക്കിയിരുന്നത്. 16-ാംവയസിൽ റിവേഴ്‌സ് ഗിയർ സഹിതം 'സ്‌ട്രേഞ്ചറെന്നു" പേരിട്ട ആദ്യ കാർ നിർമ്മിച്ചു. നാലരയടി നീളവും രണ്ടരയടി വീതിയുമുള്ള കാറിന് ഹീറോപുക്കിന്റെ 65സി.സി എൻജിനും സ്‌കൂട്ടറിന്റെ ടയറുകളുമായിരുന്നു. പഴയ കാറുകളുടെ തകിടുകൾ വാങ്ങി ബോഡിയും ശരിയാക്കിയതോടെ പുത്തനായി. മൂന്നു ഗിയർ,​ 60 കിലോമീറ്റർ മൈലേജുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA