SignIn
Kerala Kaumudi Online
Sunday, 31 May 2026 11.10 AM IST

വിദേശപഠനം കരുതലോടെ

r

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കൂടുതലായി വിദേശരാജ്യങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ വികസിത രാജ്യങ്ങളിലും അവസരങ്ങൾ കുറയുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. യുകെ. അയർലൻഡ്, സ്‌കോട്‌ലാൻഡ്, വെയിൽസ്, ഫ്രാൻസ്, ജർമ്മനി, നെതർലൻഡ്‌സ്. പോളണ്ട്, ഹംഗറി, ലിത്വാനിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിസന്ധിയുണ്ട്.

പഠനച്ചെലവിനായി പാർട്ട് ടൈം തൊഴിൽ ചെയ്യാനാഗ്രഹിച്ച് വിദേശത്തെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. ലഭിക്കുന്ന പാർട്ട് ടൈം തൊഴിലുകൾ ക്യാമ്പസിൽ നിന്ന് വളരെ ദൂരെയായതിനാൽ പഠനവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടേണ്ടിവരുന്നു. പാർട്ട് ടൈം തൊഴിലിനുള്ള വർദ്ധിച്ച സമ്മർദ്ദം മൂലം വേതനത്തിലും കാര്യമായ ഇടിവുണ്ട്. മണിക്കൂറിന് 12 പൗണ്ടിലേറെ ലഭിക്കുമെങ്കിലും അഞ്ച് പൗണ്ടിനും തൊഴിൽ ചെയ്യേണ്ടിവരുന്ന വിദ്യാർത്ഥികളുമുണ്ട്. കോഴ്‌സ് പൂർത്തിയാക്കിയശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വിസയിൽ തൊഴിൽചെയ്യാൻ തയ്യാറെടുക്കുന്നവർക്കും അവസരങ്ങൾ കുറവാണ്.

കാനഡയും യൂറോപ്പും

................
കാനഡയും ഇന്ത്യയും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുമ്പോൾ ഉപരിപഠനത്തിനു പോകാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അഡ്മിഷൻ ലഭിച്ചാൽ ഓഫർ ലെറ്ററിന് ഒരുവർഷത്തോളം കാലാവധിയുണ്ട്. പ്രവേശനം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർവകലാശാലയെ ഇ-മെയിൽ വഴി വിവരം അറിയിക്കണം. അപ്ലൈബോർഡ് വഴിയാണ് അഡ്മിഷൻ ലഭിച്ചതെങ്കിൽ അവരെയും അറിയിക്കണം. കാനഡ ഇമിഗ്രേഷന് ശ്രമിക്കുന്നവരും കാനഡയിലെത്തുന്ന തീയതി മുൻകൂട്ടി അറിയിക്കണം. കാനഡയിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചതിനാൽ പ്രശ്‌നങ്ങളിൽ തീരുമാനമാകും വരെ കാത്തിരിക്കുന്നതാണ് നല്ലത്. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകളും താമസ സൗകര്യത്തിനുള്ള പരിമിതികളും കാനഡയിലുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ, തൊഴിൽ വിസ എന്നിവയിൽ നിയന്ത്രണങ്ങളുമുണ്ട്.
ആഗോള തലത്തിൽ തൊഴിലില്ലായ്മ കുറഞ്ഞ രാജ്യമെന്ന രീതിയിൽ കാനഡയ്ക്ക് പ്രസക്തിയേറുന്നതിനാൽ ഉപരിപഠനത്തിനായി കാനഡ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല. കാത്തിരുന്ന് സുരക്ഷിതമായ ഉപരിപഠനം ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് യു.കെയിലും യൂറോപ്യൻ രാജ്യങ്ങളിലും ഭീമമായ വാടകയാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ജീവിതച്ചെലവും വളരെ കൂടുതലാണ്. ഇപ്പോൾ അണ്ടർ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്കുള്ള സ്‌കോളർഷിപ്പും വളരെ കുറവാണ്. ഭീമമായ തുക വായ്പയെടുത്താണ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ വിദേശത്ത് പഠിക്കാൻ വിടുന്നത്. വിദേശ ക്യാമ്പസുകളിലെത്തിക്കഴിഞ്ഞാലുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും വിദ്യാർത്ഥികൾ രക്ഷിതാക്കളെ അറിയിക്കാറില്ല.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

....................................
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിംഗ് വിലയിരുത്തി മാത്രമേ സർവകലാശാലകൾ തെരെഞ്ഞെടുക്കാവൂ. ടൈംസ് ഹയർ എഡ്യൂക്കേഷൻ, QS റാങ്കിംഗ്, AMBA റാങ്കിംഗ് എന്നിവ ഇതിനായി പ്രയോജനപ്പെടുത്താം. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിലുമുണ്ട്. ലോക റാങ്കിംഗിലുള്ള സർവകലാശാലകളുടെ സമാന പേരും അവരുടെ പ്രത്യേകതകളാണ്. അംഗീകാരമില്ലാത്ത വിദേശ വിദ്യാഭ്യാസ ഏജൻസികൾ, കൺസൾട്ടൻസികൾ എന്നിവയെ വിശ്വസിക്കരുത്. ആകർഷകമായ വെബ്‌സൈറ്റ് വിലയിരുത്തി അഡ്മിഷന് മുതിരരുത്. വിദേശ വിദ്യാഭ്യാസത്തിന് ഇടനിലക്കാരുടെ ആവശ്യമില്ല. വിദ്യാർത്ഥികൾക്ക് അവരിഷ്ടപ്പെടുന്ന രാജ്യത്തെ മികച്ച സ്ഥാപനങ്ങൾ കണ്ടെത്തി ഓൺലൈനായി അപേക്ഷിക്കാം. വിദേശ പഠനത്തിന് വ്യക്തമായ പ്ലാനിംഗ് വേണം. പോസ്റ്റ് സ്റ്റഡി വർക്ക് വിസ, പാർടൈം തൊഴിൽ എന്നിവ ലക്ഷ്യമിട്ട് ഭീമമായ തുക വായ്പയെടുത്ത് വിദേശ പഠനത്തിന് ശ്രമിക്കരുത്. അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചാൽ സ്‌കോളർഷിപ്പിനോ ഫെലോഷിപ്പിനോ അസിസ്റ്റന്റ്ഷിപ്പിനോ ശ്രമിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA