
കാള പെറ്റു എന്നു കേട്ടാലുടൻ കയറെടുക്കുന്നവരുണ്ട്. 'കാള പെറാൻ" ഇനിയും രണ്ടാഴ്ചയുണ്ട്; പക്ഷേ, പേറെടുക്കാൻ കയറും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അടുത്ത ഭരണം യു.ഡി.എഫിനു തന്നെയെന്ന് ഉറപ്പിച്ചു കഴിഞ്ഞു. അപ്പോൾ ആരാവണം മുഖ്യമന്ത്രി? 'സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ച് നാണംകെട്ടു നടക്കുക"യാണ് അതിൽ ചില മുതിർന്ന നേതാക്കൾ. വൈകുന്നേരം വരെ വെള്ളം കോരിയ ശേഷം കുടമിട്ട് ഉടയ്ക്കാൻ വിധിക്കപ്പെട്ടവരാണ് അതിൽ ചിലർ. അടിനിടെ, മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ടുപോയ അനുഭവങ്ങളുമുണ്ട്.
1995-ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്, സ്വന്തം പാർട്ടിയിലെയും മുന്നണണിയിലെയും ചില നേതാക്കൾ
ചേർന്നു നടത്തിയ 'കൊട്ടാര വിപ്ലവ"ത്തിൽ കസേര തെറിച്ചു. പകരം മുഖ്യമന്ത്രിയാകാൻ ഡൽഹിയിൽ നിന്ന്
പറന്നെത്തിയത് അവിടെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ" എന്ന ഭാവത്തിൽ കണ്ണടച്ച് പാലു കുടിച്ചിരുന്ന
സാക്ഷാൽ എ.കെ.ആന്റണി! ഒന്നാം പിണറായി സർക്കാരിന്റെ കാലശേഷം 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ
ഫലം കാത്തിരുന്ന ഇടവേള. ഭരണം തിരിച്ചുപിടിക്കുമെന്ന് അന്നും യു.ഡി.എഫ് നേതാക്കൾ ഉറപ്പിച്ചു. പുതിയ സർക്കാർ രൂപീകരണത്തിനുള്ള ശ്രമങ്ങൾ സജീവമായി. കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പങ്കിടൽ ഫോർമുല രൂപം കൊണ്ടു!
ആദ്യത്തെ രണ്ടരവർഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രി. ശേഷം രണ്ടര വർഷം മുഖ്യമന്ത്രി പദം അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്. ഘടകകക്ഷികളിൽ നിന്ന് ആരൊക്കെ മന്ത്രിമാരാവണമെന്നും, പേഴ്സണൽ സ്റ്റാഫിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും വരെ ധാരണയായി. ഒടുവിൽ പെട്ടി പൊട്ടിച്ചപ്പോൾ 99 സീറ്റോടെ പിണറായി സർക്കാരിന് തുടർഭരണം. വീണ്ടും അഞ്ചുകൊല്ലം വെയിലും മഴയുംകൊണ്ടു നടക്കാൻ യു.ഡി.എഫിന് വിധി. 'എന്നട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു" എന്ന് കുഞ്ചൻനമ്പ്യാർ 'തുള്ളിയതു" പോലെ, അപ്പോഴും തീർന്നില്ല കോൺഗ്രസിലെ കലാപം. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ എം.എൽ.എമാരുടെ തലയെണ്ണി, ഭൂരിപക്ഷം ഒപ്പിച്ച വി.ഡി. സതീശൻ ചെന്നിത്തലയെ മലർത്തിയടിച്ച് പ്രതിപക്ഷ നേതാവ്!
2024- ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് ഇരുപതിൽ 19 സീറ്റും തൂത്തുവാരുകയും,
ഉപതിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തതോടെ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം യു.ഡി.എഫിന്
കട്ടായമെന്ന് വീണ്ടും ഉറപ്പിച്ചു. അന്നു തുടങ്ങിയതാണ് മുഖ്യമന്ത്രിക്കസേരയിലേക്കുള്ള ചക്കളത്തിപ്പോരാട്ടം. ഒരു ഘട്ടത്തിൽ ഭൈമീകാമുകരുടെ എണ്ണം ആറു വരെയായി.ഒടുവിൽ സഹികെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളുടെ ചെവിക്കു പിടിച്ചു. തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചർച്ച വേണ്ടെന്ന് ഇണ്ടാസ്. അതോടെ, പരസ്യമായ കുതികാൽ വെട്ടും പാരവയ്പും തത്കാലം ശമിച്ചു.
തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 80-ന് അടുത്തെത്തിയതോടെ ഭരണമെന്ന സ്വപ്നത്തിന് വീണ്ടും ചിറകു മുളച്ചു. മുഖ്യമന്ത്രിക്കസേരയിലേക്ക് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നേരിട്ട് അവകാശവാദമുന്നയിക്കാതെ, ശിങ്കിടികളെ കളത്തിലിറക്കി കളി തുടങ്ങി. അപ്പോഴാണ്, 'റാകിപ്പറക്കുന്ന ചെമ്പരുന്തേ..." എന്നൊരു മൂളിപ്പാട്ട് അങ്ങ് ഡൽഹിയിൽ നിന്ന് കേട്ടു തുടങ്ങിയത്. ഭരണം ലഭിച്ചാൽ പുതിയ കോൺഗ്രസ് എം.എൽ.എമാരുടെ തലയെണ്ണിയാണല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ബ്രഹ്മാവിനാണോ ആയുസിന് പഞ്ഞം. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഏറെയും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ..സി. വേണുഗോപാലിനോട് കൂറുള്ളവരാണത്രെ. ജയിച്ചു വരുന്നവരിൽ കൂടുതൽ പേരും ആർക്കുവേണ്ടി കൈ പൊക്കുമെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ല. അല്ലാത്തപക്ഷം, സതീശൻ- ചെന്നിത്തല തർക്കത്തിനിടയിൽ സമവായമെന്ന നിലയിലും കൂടുതൽ ചാൻസ് കെ.സിക്കു തന്നെ. അദ്ദേഹം ഇപ്പോൾ ആന്റണിയെപ്പോലെ ഡൽഹിയിലിരുന്ന് കണ്ണടച്ച് പാലു കുടിക്കുകയാണത്രെ!
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുന്നതിലാണ് തനിക്കു താത്പര്യമെന്ന് പറഞ്ഞു നടന്ന കെ. സുധാകരൻ, കെ.സി.
വേണുഗോപാൽ പൊതുവേദിയിൽ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ചതോടെ കരണം മറിഞ്ഞു. കെ. കരുണാകരൻ,
എ.കെ.ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി തുടങ്ങിയ നേതാക്കളുടെ പാത പിന്തുടർന്ന് മുടിചൂടാമന്നനായിത്തീരാൻ
കെ.സി. വേണുഗോപാലിന് കഴിയുമെന്നാണ് സുധാകരന്റെ പുതിയ കമന്റ്. പിന്നാലെ, അദ്ദേഹം ഡൽഹിയിലെത്തി
കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയെ കണ്ട് മനസു തുറന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനുള്ള
തന്റെ പിന്തുണ അറിയിച്ചു.
താൻ ആദ്യം രമേശ് ചെന്നിത്തലയെ പിന്തുണച്ചത് അദ്ദേഹത്തിന്റെ ഭരണപരിചയത്തിന്റെ
പേരിലാണെന്ന് സുധാകരൻ. കെ.സിയെപ്പോലെ ചടുലമായ നേതൃത്വമാണ് ഇപ്പോൾ ആവശ്യമെന്നും അദ്ദേഹം
ന്യായീകരിച്ചു. കരുത്തും സമയബന്ധിതമായ ഇടപെടലുകളുമാണ് വേണ്ടത്. സ്വന്തം അഭിപ്രായം തുറന്നു പറയാൻ
കഴിയാത്തവർ എന്തിനു ജീവിക്കുന്നു എന്നാണ് സുധാകരന്റെ ചോദ്യം. അപ്പോൾ, അഭിപ്രായം മാറ്റിപ്പറയുന്നവരോ?
കെ.സി. വേണുഗോപാലിന് പിന്തുണ തേടി മുൻ മന്ത്രി എ.പി. അനിൽ കുമാർ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടതും കഥയറിയാതെയുള്ള ആട്ടമായി കാണാനാവില്ല.
യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പിൽ 100 സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നായിരുന്നു
വി.ഡി.സതീശന്റെ പ്രതിജ്ഞ. ആ പ്രതീക്ഷ മങ്ങിയിട്ടാണോ എന്തോ, തിളക്കമാർന്ന വിജയം കിട്ടിയില്ലെങ്കിൽ എന്ന്
തിരുത്തി. അത് സംഭവിക്കാതിരുന്നാൽ, വാക്കു പാലിക്കുന്ന സതീശൻ വനവാസത്തിന് പോകേണ്ടിവരുമെന്നാണ്
കെ. സുധാകരന്റെ പ്രതികരണം. പക്ഷേ ,തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് സതീശൻ വാക്ക് പാലിച്ചു. വാഗമണ്ണിൽ അദ്ദേഹം ഉദ്ഘാടനം ചെയ്ത റിസോർട്ടിന്റെ പേരാണ് 'വനവാസം!" അതിനു ശേഷം അദ്ദേഹം കാടുകയറി.
യു.ഡി.എഫ് വീണ്ടും പ്രതിപക്ഷത്തായാൽ ഈ റിസോർട്ടിലാവുമോ സതീശന്റെ 'വനവാസം?" യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ തോറ്റാലും വി.ഡി. സതീശൻ വനവാസത്തിനൊന്നും പോകേണ്ടതില്ലെന്നും, തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സാധാരണമാണെന്നും സമാശ്വസിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അദ്ദേഹത്തിന്റെ സന്മനസു പോലും ഒരു കോൺഗ്രസ് നേതാവും കാട്ടിയില്ല. അവർ ഗോവിന്ദൻ മാഷിനെ കണ്ടു പഠിക്കണം.
വോട്ടെണ്ണൽ ദിനം അടുക്കുന്തോറും മുന്നണി നേതാക്കൾക്ക് വൻ വിജയപ്രതീക്ഷയിൽ മങ്ങലേൽക്കുന്നു. യു.ഡി.എഫിന്
100 സീറ്റ് കിട്ടുമെന്ന് ഇപ്പോൾ വി.ഡി. സതീശൻ പോലും പറയുന്നില്ല. ആശങ്കയുള്ള മണ്ഡലങ്ങൾ വെട്ടിക്കളഞ്ഞിട്ടും
80 മുതൽ 90 വരെ സീറ്റോടെ എൽ.ഡി.എഫിന് വീണ്ടും തുടർഭരണം ലഭിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന
സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എന്നാൽ, അഞ്ചു മന്ത്രിമാർക്ക് മത്സരം കടുപ്പമെന്ന ആശങ്കയിലാണ് പാർട്ടിയെന്നാണ് ഒടുവിൽ കേട്ടത്. വി.ശിവൻകുട്ടി (നേമം), എം.ബി. രാജേഷ് (തൃത്താല), വി. അബ്ദുറഹ്മാൻ (തിരൂർ), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ), റോഷി അഗസ്റ്റിൻ (ഇടുക്കി) എന്നിവർ ജയിച്ചാൽത്തന്നെ അയ്യായിരത്തിൽ താഴെ ഭൂരിപക്ഷമാണ് പാർട്ടി കാണുന്നത്.
ഞാണിന്മേൽക്കളിയാണ്. ജയിക്കുകയോ തോൽക്കുകയോ ചെയ്യാം. ഒരു നിശ്ചയമില്ല ഒന്നിനും. ബി.ജെ.പി 12 സീറ്റിൽ വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിനു ശേഷമുള്ള കണക്കുകൂട്ടൽ. പിന്നീടത് അഞ്ചായി ചുരുങ്ങി. നേമം, കഴക്കൂട്ടം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് സീറ്റുകളിലാണ് ഇപ്പോൾ അവരുടെ വിജയ പ്രതീക്ഷ. എന്നാൽ, ബി.ജെ.പി ഒരു സീറ്റും നേടില്ലെന്ന് യു.ഡി.എഫും എൽ.ഡി.എഫും പറയുന്നു.
നുറുങ്ങ്:
മുഖ്യമന്ത്രി തർക്കത്തിൽ മേയ് നാലു വരെ മൗനം പാലിച്ച് കാത്തിരിക്കാൻ വി.ഡി. സതീശൻ. പ്രതീക്ഷ യു.ഡി.എഫ്
ഘടകകക്ഷികളിൽ.
♦' കാത്തിരുന്ന് കാത്തിരുന്ന്... പുഴ മെലിഞ്ഞു, കടവൊഴിഞ്ഞു...!" ഘടകകക്ഷികളും ഒടുവിൽ പാലം വലിക്കുമോ?
(വിദുരരുടെ ഫോൺ: 99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |