SignIn
Kerala Kaumudi Online
Sunday, 31 May 2026 3.18 AM IST

മാസപ്പടി അന്വേഷണത്തിനെതിരായ ഹർജി; തെളിവും ആക്രമണ വിവരവും നിരത്തി എതിർക്കാൻ ഇ.ഡി

d

കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം സ്റ്റേചെയ്യണമെന്ന സി.എം.ആർ.എൽ ഹർജിയെ തെളിവുകൾ നിരത്തി ഇ.ഡി ഹൈക്കോടതിയിൽ എതിർക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലടക്കം പത്തിടങ്ങളിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകൾ, റെയ്ഡിനിടെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വിവരങ്ങൾ എന്നിവ മുദ്രവച്ച കവറിൽ ഡിവിഷൻ ബെഞ്ചിൽ സമർപ്പിക്കും.

അന്വേഷണം വീണ്ടും സ്റ്റേചെയ്യുന്നത് തിരിച്ചടിയാകും. അതിനാൽ അഡീഷണൽ സോളിസിറ്റർ ജനറലാകും ഇ.ഡിക്കായി വാദിക്കുക. എസ്.എഫ്.ഐ.ഒ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൽ അസ്വഭാവികതയില്ലെന്ന് ഇ.ഡി വാദിക്കും. ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ വെള്ളിയാഴ്ചയാണ് സി.എം.ആർ.എൽ അപ്പീൽ നൽകിയത്. എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിച്ചതോടെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ ഇ.ഡിക്ക് നിയമപരമായ വഴിതുറന്നതായാണ് വിലയിരുത്തൽ.

ബാങ്ക് ലോക്കർ പരിശോധിക്കും
വീണയുടെ ബാങ്ക് ലോക്കറും ഇ.ഡി പരിശോധിക്കും. വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നെങ്കിലും അതിൽ ചെറിയതുക മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ പരിശോധിക്കുന്നത്.

പണം വിദേശത്തേക്ക്

കടത്തിയെന്ന് ഷോൺ
സി.എം.ആർ.എല്ലിൽനിന്ന് ലഭിച്ച പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റി​യെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് കത്തും നൽകി. 2024ൽ കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് നൽകിയ വിവരങ്ങളാണ് കത്തായി നൽകിയിട്ടുള്ളത്. യു.എ.ഇയിലെ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലുള്ള എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം. വീണ, എം. സുനീഷ് എന്നിവരാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. എസ്.എൻ.സി ലാവ്‌ലിൻ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് എത്തിയ പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA