
തിരുവനന്തപുരം: സംസ്ഥാനത്ത് അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്കൂൾ വാഹനങ്ങളുടെ പരിശോധനയിൽ 3,750 ബസുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. ആകെ 29,000 സ്കൂൾ ബസുകളാണുള്ളത്.
ബ്ലൈന്റ് സ്പോട്ട് മിറർ ഇല്ലാത്തതാണ് മിക്കവാറും ബസുകൾക്ക് ഫിറ്റ്നസ് ലഭിക്കാതിരിക്കാൻ കാരണം. ബസിൽ നിന്നിറങ്ങുന്ന കുട്ടികളെ ഡ്രൈവർക്ക് നിരീക്ഷിക്കാൻ കഴിയുന്ന മിറർ ആണിത്. ക്യാമറകൾ ഉണ്ടെങ്കിലും റെക്കോഡ് ചെയ്യുന്ന സംവിധാനമില്ലാത്ത ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ചില ബസുകളിൽ പാനിക് ബട്ടൺ പ്രവർത്തിക്കുന്നില്ല.
തേഞ്ഞ ടയറുകൾ, പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ, ശരിയായി അടയാത്ത വാതിലുകൾ തുടങ്ങി കണ്ടെത്തിയ കുറവുകൾ നികത്തി വാഹനങ്ങൾ വീണ്ടും ഫിറ്റ്നസ് ടെസ്റ്റിനു ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിൽ ഏറെയും സർക്കാർ സ്കൂളുകളിലെ വാഹനങ്ങളാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. ചില സ്കൂളുകൾ ഫിറ്റ്നസ് പരിശോധനയ്ക്ക് ബസുകൾ എത്തിച്ചില്ലെന്നും എം.വി.ഡി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയമാക്കാത്ത ബസുകൾ കുട്ടികളുമായി സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കരാർ വാഹനങ്ങളുടെ പരിശോധന നടന്നില്ല
സ്കൂൾകുട്ടികളുമായി പോകുന്ന കോൺട്രാക്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. ഇത്തരത്തിൽ പതിനായിരത്തിലധികം സ്വകാര്യ ബസുകളും വാനുകളുമുണ്ട്. ചില സ്കൂൾ അധികൃതർ വാഹനങ്ങളുടെ കൃത്യമായ കണക്ക് മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ല.
സ്കൂൾ ഫിറ്റ്നസ്: തദ്ദേശവകുപ്പ് എൻജിനിയർമാർ
ഫയർസേഫ്ടി പരിശോധിക്കേണ്ടതില്ല
കൊച്ചി: സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ വയറിംഗ്, ഫയർ എക്സ്റ്റിംഗ്യുഷർ എന്നിവയുടെ സുരക്ഷാ പരിശോധനയിൽനിന്ന് തദ്ദേശവകുപ്പ് അസിസ്റ്റന്റ് എൻജിനിയർമാരെ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവായി. എന്നാൽ സ്കൂളുകളിൽ ഫയർ എക്സ്റ്റിംഗ്യുഷറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇവർക്കുണ്ടാകും. ഇതു വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി കഴിഞ്ഞദിവസം വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു.
തദ്ദേശ, വനംവകുപ്പുകളും അഗ്നിരക്ഷാ സേനയുമെല്ലാം ഉൾപ്പെടുന്ന സംയുക്ത പരിശോധനയാണ് മുമ്പ് സ്കൂളുകളിൽ നടത്തിയിരുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ചുമതല തദ്ദേശവകുപ്പ് എൻജിനിയർമാർക്ക് മാത്രമായി പരിമിതപ്പെടുത്തി. തങ്ങൾക്ക് വൈദഗ്ദ്ധ്യമില്ലാത്ത കാര്യങ്ങളിലും പരിശോധന നടത്തണമെന്ന നിർദ്ദേശം ഇവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തുടർന്നാണ് ഏതാനും എൻജിനിയർമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. ഹർജിയിൽ ട്രൈബ്യൂണൽ നേരത്തേ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അതുവരെ ഹർജിക്കാരെ നിർബന്ധിക്കരുതെന്നും ഇടക്കാല ഉത്തരവിട്ടു. തുടർന്നാണ് വിദ്യാഭ്യാസമന്ത്രി യോഗംവിളിച്ച് പുതിയ തീരുമാനങ്ങളെടുത്തത്. സ്കൂൾ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സമിതിയെ നിയോഗിച്ചതായും ബന്ധപ്പെട്ട എ.ഇ.ഒ, സ്കൂൾ മേധാവി, പി.ടി.എ പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും മേൽനോട്ടച്ചുമതലയെന്നും സർക്കാർ വ്യക്തമാക്കി. നടപടികളുടെ പുരോഗതി മൂന്നാഴ്ചയ്ക്കുശേഷം ട്രൈബ്യൂണൽ വിലയിരുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |