മീശ മുളയ്‌ക്കാത്തവർ കാട്ടിക്കൂട്ടുന്ന അവിശ്വസനീയമായ അതിക്രൂര കൊലപാതകങ്ങൾ. കൊലവിളി, ക്രൂരമർദ്ദനങ്ങൾ.. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓരോദിവസവും കേൾക്കുന്ന സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളിൽ നടുങ്ങുകയാണ് മലയാളികൾ. മയക്കുമരുന്നിന്റെ മാരക ലഹരിയും അക്രമം പ്രോത്സാഹിപ്പിക്കുന്ന ചില സിനിമകളും യുവതലമുറയെ വഴിതെറ്റിക്കുന്നു. ഇതിനെതിരെ പോരാട്ടം തുടരുകയാണ് കേരളകൗമുദി.
പ്രൊഫ.എം.കെ.സാനുവിന്റെ പ്രതികരണത്തോടെ പരമ്പര ആരംഭിക്കുന്നു.
'ജീവിതമാവണം ലഹരി ' ( പേജ് 4 ൽ )
-------------------------------------------------------------------------------------------------------------------------
അരുംകൊല ചെയ്യാൻപോലും അറപ്പില്ല
പ്രൊഫ. എം.കെ. സാനു

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ തയ്യാറെടുക്കേണ്ട കുട്ടികൾ പോലും കൊലക്കേസുകളിൽ പ്രതികളാകുന്നു. അരുംകൊല ചെയ്യാൻപോലും യുവാക്കൾക്ക് അറപ്പില്ലാതായിരിക്കുന്നു. സമൂഹത്തിന്റെ ഇന്നത്തെ ഈ പോക്കിൽ ആശങ്കയുണ്ട്. പണ്ട് മാതാപിതാക്കൾ മക്കളെ ലാളിച്ച് കരുതലോടെയാണ് വളർത്തിയിരുന്നത്. ഇപ്പോൾ അതല്ല സ്ഥിതി. മറ്റുകുട്ടികളെ തോൽപ്പിച്ച് മുന്നിലെത്താനാണ് പഠിപ്പിക്കുന്നത്. ഇത് കുട്ടികളിൽ ഒരു സ്വാർത്ഥമനോഭാവം വളർത്താൻ കാരണമായിട്ടുണ്ട്. വായന വളർന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ, അദ്ധ്യാപകർപോലും പുസ്തകങ്ങൾ വായിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഞങ്ങളുടെ കാലത്ത് യുക്തിബോധം വളർത്തുന്ന പല പുസ്തകങ്ങളും ഉണ്ടായിരുന്നു. അത് തേടിപ്പിടിച്ച് വായിക്കുമായിരുന്നു. ഇന്ന് ഇവയെല്ലാം കൈയകലത്തിലുണ്ട്.
എന്നാൽ, ഇവ മക്കൾക്ക് വായിക്കാനായി നൽകാൻ മാതാപിതാക്കൾ പോലും തയ്യാറാകുന്നില്ല. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളേജിൽ ശാസ്ത്രമേള സംഘടിപ്പിച്ചിരുന്നു. പൊതുവേ ഇത്തരം പരിപാടികൾ കാണാനും അടുത്തറിയാനും നിറയെ വിദ്യാർത്ഥികൾ എത്തുമായിരുന്നു. പക്ഷേ, കുട്ടികളുടെ കുറവ് എന്നെ അത്ഭുതപ്പെടുത്തി. യുവാക്കൾ മൊബൈൽ ഫോണിലാണ് അധികവും സമയംചെലവഴിക്കുന്നത്. കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ നൽകുകയും കായികഇനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്താൽ ഇത്തരം യുക്തിരാഹിത്യ ചിന്തകളിൽ നിന്ന് യുവതലമുറയെ മാറ്റിയെടുക്കാൻ നൂറുശതമാനവും സാധിക്കും. സർക്കാരിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |