SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.35 AM IST

കൺമുന്നിൽ പിടഞ്ഞൊടുങ്ങി അച്ഛൻ; നടുക്കംവിടാതെ ആരതി

Increase Font Size Decrease Font Size Print Page

n-ramachandran-

കൊച്ചി: തോക്കുമായി മുന്നിൽ ഭീകരൻ. ചുറ്റും വെടിയൊച്ച. 'ടെററിസ്റ്റ് അറ്റാക്ക് ആണെന്നുതോന്നുന്നു അച്ഛാ.​ നിലത്ത് കിടക്ക് " എന്നു പറഞ്ഞ് എട്ടുവയസുള്ള ഇരട്ട ആൺകുട്ടികളുമായി ആരതി കിടന്നപ്പോഴേക്കും അയാൾ തോക്ക് തലയിൽ മുട്ടിച്ച് അച്ഛനോട് 'കലിമ" ചൊല്ലാൻ പറഞ്ഞു. മനസിലായില്ലല്ലോ എന്ന് പറഞ്ഞതും വെടിപൊട്ടി. ഒന്നുപിടഞ്ഞ് നിശ്ചലനായ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ തോക്കിൻമുന എന്റെ തലയിൽത്തട്ടി അയാൾ കടന്നുപോയി.

കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി ഒരുവർഷം മുമ്പുള്ള ആ സംഭവം നടുക്കത്തോടെ ഓർക്കുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ 22നാണ് പ്രവാസി​യായി​രുന്ന രാമചന്ദ്രൻ (65) ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ പഹൽഗാം ബൈസരണിലെ പുൽമേട്ടിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്നുപേർ പിന്നീട് മരിച്ചു.
പേടിച്ചുകരയുന്ന മക്കളെയും വാരിയെടുത്ത് പൈൻമരക്കാട്ടിലൂടെ ലക്ഷ്യമില്ലാതെ ഓടി. പിന്നിൽ വെടിയൊച്ച. തങ്ങൾവന്ന വാഹനത്തിന്റെ ഡ്രൈവർ മുസാഫിർ എത്തുംവരെ രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ അമ്മയ്ക്കരികിലെത്തിയിട്ടും വിങ്ങിപ്പൊട്ടാതെ പിടിച്ചുനിന്നു. അച്ഛന് ചെറിയൊരു അപകടം പറ്റിയെന്നുമാത്രം പറഞ്ഞു.

ഈ വീട്ടിൽ അച്ഛൻ ഒപ്പമുണ്ടെന്നാണ് വിശ്വാസം. കഴിഞ്ഞതൊന്നും ഓർത്ത് സങ്കടപ്പെടരുത്, നാളേയ്ക്കായി സന്തോഷത്തോടെയിരിക്കണമെന്ന് അച്ഛൻ പറയുമായിരുന്നു. തിരിച്ചറിവോടെ പ്രവർത്തിക്കാൻ ആ ഓർമ്മകൾ കുട്ടികളെ പ്രാപ്തരാക്കട്ടെ. അവരെ സൈക്കിൾചവിട്ടാനും ചെസ് കളിക്കാനും പഠിപ്പിച്ചത് മുത്തച്ഛനാണ്.

ഏപ്രിൽ 22ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ല. മലയാളമാസവും നാളും പ്രകാരം മേയിലാണ് ശ്രാദ്ധം. ഭർത്താവിനൊപ്പം ദുബായിലായിരുന്ന ആരതി ഇപ്പോൾ നാട്ടിലാണ്. രാമചന്ദ്രന്റെ പ്രവർത്തനമേഖലയായിരുന്ന ദേവൻകുളങ്ങരയിൽ 22ന് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടക്കും. 26ന് പൗരാവലി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും.

കേരളത്തിൽ വന്ന് ആ
കുടുംബത്തെ കാണണം

''കേരളത്തിലെത്തി അവരെ കാണണമെന്നുണ്ട്. ഇടയ്ക്ക് വിളിക്കാറുണ്ട്. വലിയ യാത്രച്ചെലവ് വേണ്ടിവരുന്നതിനാലാണ് വൈകുന്നത്""- പഹൽഗാമിൽ രാമചന്ദ്രൻ കൊല്ലപ്പെട്ടപ്പോൾ കുടുംബത്തിനൊപ്പം നിന്ന ടാക്‌സിഡ്രൈവർ മുഹമ്മദ് മുസാഫിർ ടെലിഫോണിൽ പറഞ്ഞു. രാമചന്ദ്രനും കുടുംബവും സഞ്ചരിച്ചിരുന്നത് മുസാഫിറിന്റെ ടാക്‌സിയിലായിരുന്നു. മക്കളെയും കൊണ്ട് പൈൻമരക്കാടുകളിലൂടെ ഓടിയ ആരതി മൊബൈലിൽ ആദ്യം വിളിച്ചത് മുസാഫിറിനെയാണ്. ഉടനെത്തി കൂട്ടിക്കൊണ്ടുപോയി. സഹോദരനെപ്പോലെ കൂടെ നിന്നു.

TAGS: RAMACHANDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.