
പാലാ: അയര്‍ക്കുന്നം ആറുമാനൂരിൽ എട്ടുവയസുകാരന് തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരിക്ക്. തെക്കേത്തൊട്ടിയിൽ പരേതനായ അഖിലിന്റെയും ആതിരയുടെയും മകൻ അഭിനവ് കൃഷ്ണയ്‌ക്കാണ് ഇന്നലെ തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ ദേഹത്ത് 26ഓളം കടിയേറ്റ പാടുകളുണ്ട്.
മുഖത്തും കൺപോളയിലുമുൾപ്പെടെ കടിയും നായയുടെ നഖവും കൊണ്ട കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്പ് എടുത്തു. കൈകളിലും മുഖത്തുമെല്ലാം നീരുണ്ട്.
അയല്പക്കത്തെ വീട്ടിലേക്ക് സൈക്കിളിൽ കളിക്കാൻ പോയ അഭിനവ് സൈക്കിൾ സ്റ്റാൻഡിൽ വയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ തെരുവുനായ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽക്കാരിയായ സ്ത്രീ ഓടിവന്ന് നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. അയർക്കുന്നം ഗവ. എൽ.പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ് കൃഷ്ണ. പിതാവ് അഖിൽ മൂന്ന് മാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. നിർദ്ധന കടുംബത്തിലംഗമായ കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |