
ആലപ്പുഴ: സംസ്ഥാനത്ത് പാമ്പിൻവിഷം പ്രതിരോധിക്കാനുള്ള പോളിവാലന്റ് ആന്റിസ്നേക്ക് വെനം ഉത്പാദനപദ്ധതി ഫയലിലൊതുങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതാണ് തടസം. അഞ്ചുവർഷത്തിനകം പാമ്പുകടി മരണം ഇല്ലാതാക്കുകയെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നേറുന്നതിനിടെയാണിത്.
കേരളത്തിൽ കാണപ്പെടുന്ന പാമ്പുവർഗങ്ങൾക്ക് അനുയോജ്യമായ പോളിവാലന്റ് ആന്റി- സ്നേക്ക് വെനം (എ.എസ്.വി) ഇവിടെത്തന്നെ വികസിപ്പിക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. നിലവിൽ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ആന്റിവെനം വിതരണം ചെയ്യുന്നത്. എന്നാൽ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം ഇവ പൂർണമായും ഫലപ്രദമല്ലെന്നാണ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്ക് കേന്ദ്രീകരിച്ച് വിഷ ശേഖരണ കേന്ദ്രവും വാക്സിൻ നിർമ്മാണവും ലക്ഷ്യം വച്ചത്.
സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ മുംബയ് ആസ്ഥാനമായുള്ള ഭാരത് സെറംസ് ആൻഡ് വാക്സിൻസ് ലിമിറ്റഡുമായി പങ്കാളിത്ത പദ്ധതിക്ക് ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെ (കെ.എസ്.ഡി.പി) പങ്കാളിയാക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം കെ.എസ്.ഡി.പി പദ്ധതി ഏറ്റെടുത്തില്ല. സംസ്ഥാനത്ത് പ്രതിവർഷം 15,000ഓളം പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന- നിർദ്ദിഷ്ട ദുരന്തം
2025- 26ൽ 20 പേരുടെ മരണത്തിനിടയാക്കിയ പാമ്പുകടിമരണം
'മനുഷ്യ- വന്യജീവി സംഘർഷം" വിഭാഗത്തിൽ സംസ്ഥാന- നിർദ്ദിഷ്ട ദുരന്തമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇരകളുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലൂടെ 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. ചികിത്സാച്ചെലവും സർക്കാർ വഹിക്കും.
കഴിഞ്ഞ നവംബർ മുതൽ ആരോഗ്യവകുപ്പ് പാമ്പുകടിയെ നോട്ടിഫൈയബിൾ ഡിസീസിന്റെ പട്ടികയിലാക്കിയിട്ടുണ്ട്. ആന്റിവെനം നിർമ്മാണമുൾപ്പെടെയുള്ള നടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
- ഡയറക്ടറേറ്റ്, ആരോഗ്യവകുപ്പ്
ആന്റിവെനം ഉത്പാദനമുൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ പരിഗണനയിലാണ്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലേ തുടർ നടപടികൾ ആരംഭിക്കാനാകൂ.
- ഡയറക്ടറേറ്റ്, വനം വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |