
ചേർത്തല : എസ്.എൻ.ഡി.പി യോഗം, യൂണിയൻ നേതാക്കളും പ്രവർത്തകരും പണം പറ്റിയാണ് പ്രവർത്തിക്കുന്നതെന്ന തരത്തിൽ ഗോകുലം ഗോപാലൻ നടത്തിയ പ്രസ്താവന ആയിരക്കണക്കിന് ശാഖാ–യൂണിയൻ–യോഗം പ്രവർത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും ഗുരുദേവന്റെ പ്രസ്ഥാനത്തെ അപമാനിക്കുന്നതുമാണെന്ന് യോഗം ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തി.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങി, സ്വന്തം സമയവും അദ്ധ്വാനവും സമ്പത്തും സമുദായത്തിനും സംഘടനയ്ക്കുമായി സമർപ്പിച്ച് പ്രവർത്തിക്കുന്നവരാണ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി. സ്വന്തം അദ്ധ്വാനത്തിന്റെ വരുമാനത്തിൽനിന്ന് സംഘടനയ്ക്കായി സംഭാവന നൽകുകയും പ്രാർത്ഥനായോഗങ്ങൾ, കുടുംബയോഗങ്ങൾ, ഗുരുജയന്തി, സമാധി ആചരണങ്ങൾ, സേവനപ്രവർത്തനങ്ങൾ എന്നിവയിൽ നിസ്വാർത്ഥമായി പങ്കാളികളാകുകയും ചെയ്യുന്ന സമുദായ പ്രവർത്തകരുടെ ആത്മസമർപ്പണത്തെ പണത്തിന്റെ പേരിൽ അളക്കുന്നത് അംഗീകരിക്കാനാവില്ല.വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും ഉന്നയിക്കുമ്പോൾ ജനാധിപത്യ മര്യാദകൾ പാലിക്കണം.
ഒരു മഹാപ്രസ്ഥാനത്തിലെ മുഴുവൻ പ്രവർത്തകരെയും സാമ്പത്തികമായി സ്വാധീനിക്കപ്പെട്ടവരായി ചിത്രീകരിക്കുന്നത് ശരിയല്ല.
യോഗത്തിന്റെ ശക്തി പണത്തിലല്ല.ഗുരുദേവ ദർശനത്തിലും ലക്ഷക്കണക്കിന് വരുന്ന യോഗം പ്രവർത്തകരുടെ വിശ്വാസത്തിലും ആത്മസമർപ്പണത്തിലുമാണ്.ഈ പ്രസ്താവനയിൽ ഡയറക്ടർ ബോർഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്താവന പിൻവലിച്ച് സംഘടനാ പ്രവർത്തകരോട് ഖേദം പ്രകടിപ്പിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനയുടെ ഐക്യം സംരക്ഷിച്ച്, ഗുരുദേവ ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് യോഗംവിരുദ്ധരെ തള്ളിക്കളഞ്ഞ് കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്നും പ്രമേയത്തിൽ പറയുന്നു. കണിച്ചുകുളങ്ങര കരപ്പുറം റെസിഡൻസിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു. യോഗം കൗൺസിലർമാർ,ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |