
ചേർത്തല: വിഷുദിനത്തിൽ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച പരസ്യത്തെ നിസാരമായി തള്ളിക്കളയാനാകില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ വ്യക്തമാക്കി.
സമൂഹത്തിലെ മുഴുവൻ സമുദായ സ്‌നേഹികളെയും ഒന്നായിക്കണ്ട്, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന മാതൃക സ്ഥാനമാണിതെന്ന് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ അരുളി നൽകിയ ആപ്തവാക്യങ്ങൾ മുറുകെപ്പിടിച്ചാണ് ഹൈന്ദവ ജനത മുന്നോട്ടുപോകുന്നത്. ആലപ്പുഴയിൽ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ ഇത്തരത്തിലുള്ള ഗുരു സൂക്തങ്ങൾ കാലങ്ങൾക്ക് അതീതമായി നിലനിന്നു പോരുകയാണ്. എന്നാൽ കുറച്ചു നാളായി അതിനു മുറിവേൽക്കുകയാണ്. പരസ്യത്തിന്റെ രൂപത്തിൽ ഒരു സമൂഹത്തെ കരിവാരിത്തേക്കുന്ന ഹീനമായ അവഹേളനമാണ് ചേർത്തലയിൽ അരങ്ങേറിയത്.
സമൂഹത്തിലെ ജാതിയുടെ വേർതിരിവ് വ്യക്തമായി വരച്ചുകാട്ടിയ ഈ സംഭവത്തിനെതിരെ ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസിനും ജില്ലാജനറൽ സെക്രട്ടറി കെ.ആർ.രൂപേഷിനുമെതിരെ പൊലീസ് പ്രതികൾക്ക് നൽകിയ അതേ ശിക്ഷാവകുപ്പുകൾ ചുമത്തി കേസെടുത്തത് തെറ്റിനെ ന്യായീകരിക്കുന്നതിനു തുല്യമാണ്. കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, കുറ്റവാളികളെ ചൂണ്ടിക്കാണിച്ചവരെ ശിക്ഷിക്കുന്ന പൊലീസ് നടപടി അതിശയകരവും ലജ്ജാകരവുമാണ്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി ഇതിനെ കാണേണ്ടിവരും. പൊലീസ് ഇക്കാര്യത്തിൽ നീതി നിർവഹണം നടത്തണം. അല്ലാത്തപക്ഷം ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |