
കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിൽ തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ സന്ദർശനം നടത്തി. ഭാര്യ രമണിയ്‌ക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിൽ അദ്ദേഹം സന്ദർശനം നടത്തിയത്. കോടിയേരിയുടെ ശിൽപത്തിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തു.
കണ്ണൂർ ജില്ലയിലെ പാർട്ടി കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ സംഘടനാ പ്രശ്‌നങ്ങളും തുടർന്ന് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ ടി കെ ഗോവിന്ദനും, വി കുഞ്ഞികൃഷ്‌ണനും പൊതുസ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതും സംസ്ഥാന രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ സംഭവവികാസങ്ങൾക്ക് ശേഷമുള്ള ടി കെ ഗോവിന്ദന്റെയും ഭാര്യയുടെയും സന്ദർശനം സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ മാനങ്ങൾ നൽകുന്നതാണ്.
തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രതികരിക്കുകയും എതിരായി മത്സരിക്കുകയും ചെയ്‌തത് ഗോവിന്ദനാണ്. അദ്ദേഹത്തിന്റെ ഈ സന്ദർശനം പാർട്ടി പരാജയത്തിനെതിരെ വിമർശനങ്ങളുയരുന്ന സമയത്ത് ഏറെ ചർച്ചകൾക്ക് വഴിതെളിക്കും.
കോടിയേരിയുമായുള്ള ബന്ധത്തെ കുറിച്ചും പാർട്ടിയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കോടിയേരിക്കുള്ള കഴിവിനെക്കുറിച്ചും ടി കെ ഗോവിന്ദൻ ഓർമ്മിച്ചു. 'ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം കഴിഞ്ഞിരുന്നത്. കോടിയേരിയുമായുള്ള വൈകാരിക ബന്ധം ഒരിക്കലും വിസ്‌മരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമ്പോൾ തന്നെ എന്റെ മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഇന്നീ പ്രശ്‌നങ്ങൾ വരില്ലായിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അമ്പലപ്പുഴയിലെയുമൊന്നും പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. പാർട്ടിയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കോടിയേരിക്കുള്ള കഴിവ് വളരെ ചെറുപ്പത്തിലേ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ.
ഏത് പ്രതിസന്ധിയിലും കോടിയേരിയുടെ മുഖത്ത് നോക്കിയാൽ പ്രശ്‌നങ്ങൾ തീരും. ആ ചിരിയിൽ പ്രശ്‌നങ്ങൾ തീരും. അതുകൊണ്ടാണ് കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും പറയുന്നത്. ഇന്നത്തെ പാർട്ടിയുടെ അവസ്ഥ കാണുമ്പോൾ കോടിയേരി ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോകുന്നത് അതുകൊണ്ടാണ്. ഏത് രാഷ്‌ട്രീയ പ്രതിസന്ധിയിലും കോടിയേരിയെ മനസിൽ സ്‌മരിക്കും. അപ്പോഴാണ് ആ നഷ്‌ടം അറിയുന്നത്. ഈ സന്ദർശനത്തിന് എന്ത് രാഷ്‌ട്രീയ മാനമാണ് ഉള്ളത്. പാർട്ടിക്ക് ഇങ്ങനെ പ്രതിസന്ധി വരുമ്പോൾ കോടിയേരിയെ കാണാൻ വരികയാണ്.'- ടി കെ ഗോവിന്ദൻ പറഞ്ഞു.
അതേസമയം ടി കെ ഗോവിന്ദന്റെയും ഭാര്യയുടെയും സന്ദർശനം തികച്ചും വ്യക്തിപരമാണെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ പ്രതികരിച്ചു. 'ആളുകൾ അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്നു, ഹൃദയത്തിൽ കൊണ്ടുനടക്കുന്നു. മനസിൽ കോടിയേരിയെ കൊണ്ടുനടക്കുന്നവർ, എന്നെ ചേർത്ത് നിർത്തുന്നവർ അവരെ ഞാൻ മറക്കില്ല. അതിൽ രാഷ്ട്രീയം ഒന്നും കാണുന്നില്ല. വർഗവഞ്ചകൻ എന്നൊന്നും ടി കെ ഗോവിന്ദനെ ഞാൻ വിളിക്കില്ല.അതിന്റെ ആവശ്യം എനിക്കില്ല. കോടിയേരിയോട് സ്‌നേഹമുള്ളവരാണ് വീട്ടിൽ വരുന്നത്. ആരൊക്കെ സ്‌നേഹത്തോടെ എന്റെ വീട്ടിൽ വരുന്നോ അവരെയെല്ലാം സ്‌നേഹത്തോടെ ചേർത്തുനിർത്തും.ഞാൻ ആർക്കും അടിമയല്ല, എനിക്ക് എന്റേതായ ശരികളുണ്ട്. എന്റെ വീട്ടിൽ ആർക്കും വരാം, മറ്റുള്ളവർ എന്തുപറയുന്നു എന്ന് നോക്കാറില്ല' - വിനോദിനി പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |