
തിരുവനന്തപുരം: ആഗോള ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ മുൻനിറുത്തി സംസ്ഥാനത്തേക്ക് കപ്പൽ-ലോജിസ്റ്റിക്സ് മേഖലയിലടക്കം വൻകിട നിക്ഷേപകരെ ആകർഷിക്കാൻ 'മിഷൻ സമുദ്ര' ഉച്ചകോടിയുമായി സർക്കാർ. വിഴിഞ്ഞം തുറമുഖത്തുനിന്ന് കയറ്റുമതിയാരംഭിക്കുന്ന 18നാണ് ഉച്ചകോടി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കലുമാണ് ലക്ഷ്യം.
ആഗോളഷിപ്പിംഗ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായികൾ എന്നിവരെ ക്ഷണിച്ചു. ഇവരുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ ചർച്ച നടത്തും. സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്യും. നിക്ഷേപിക്കാൻ തയ്യാറാകുന്നവർക്ക് ഭൂമിയേറ്രെടുക്കൽ വേഗത്തിലാക്കുന്നതും പരിഗണനയിലാണ്.
വിഴിഞ്ഞം, 17ചെറുകിട തുറമുഖങ്ങൾ, 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ എന്നിവയെല്ലാം കൂട്ടിച്ചേർത്ത് കേരളത്തെ മാരിടൈം-ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിന്റെ മാരിടൈം വികസന കാഴ്ചപ്പാട് മുഖ്യമന്ത്രി അവതരിപ്പിക്കും. വിഴിഞ്ഞമാണ് മുഖ്യ ഫോക്കസ്.
ലോകത്തെ 107തുറമുഖങ്ങളിലേക്ക് നേരിട്ട് സർവീസുള്ള രാജ്യത്തെ ഏകതുറമുഖമാണ് വിഴിഞ്ഞം. ഇവിടെ നിന്ന് അമേരിക്കയിലേക്ക് പോകാൻ 35, യൂറോപ്പിലേക്ക് 22 ദിവസം മതി. ഏത്കൂറ്റൻ കപ്പലും വിഴിഞ്ഞത്ത് അടുപ്പിക്കാം. റോഡ്-റെയിൽ-ഉൾനാടൻ ജലപാതകൾ എന്നിവയെയും തുറമുഖവുമായി ബന്ധിപ്പിക്കും.
ഇതെല്ലാം വിശദീകരിച്ച് കടൽമാർഗമുള്ള ചരക്കുനീക്കം, ലോജിസ്റ്റിക്സ്-ഷിപ്പിംഗ് അനുബന്ധ സംരംഭങ്ങൾ, സമുദ്രടൂറിസം, വ്യവസായങ്ങൾ എന്നിവയിലാണ് നിക്ഷേപകരെ തേടുന്നത്. അന്താരാഷ്ട്ര കടൽവ്യാപാരത്തിന് പുറമെ വ്യോമ-റോഡ് മാർഗങ്ങളുമുപയോഗിച്ചുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്സ് സേവനദാതാവായി വിഴിഞ്ഞത്തെ മാറ്റാനും ലക്ഷ്യമിടുന്നു.
ലക്ഷ്യം സിംഗപ്പൂർ മോഡൽ
1.തിരുവനന്തപുരം നഗരസഭയുടെ മൂന്നിരട്ടി മാത്രമുള്ള സിംഗപ്പൂർ, തുറമുഖം കൊണ്ട് വളർന്നതു പോലെ കേരളത്തിനും വളരാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.
2.കേരളത്തെ ആകെയൊരു തുറമുഖ നഗരമായി വിഭാവനം ചെയ്‌തുള്ള പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത് സംസ്ഥാനത്തിന്റെ സമഗ്രമായ സാമ്പത്തികവളർച്ച
3.തുറമുഖ വികസനത്തോടെ നേരിട്ടുള്ള പതിനായിരം തൊഴിലവസരങ്ങളുണ്ടാവും. പരോക്ഷ തൊഴിൽ ഇതിന്റെ പതിന്മടങ്ങും. യുവാക്കൾക്ക് നാട്ടിൽതന്നെ മികച്ച ജോലിസാദ്ധ്യത
കയറ്രുമതി സാദ്ധ്യത
വിഴിഞ്ഞം തുറമുഖത്തു നിന്ന് കയറ്റുമതി തുടങ്ങുന്നതോടെ വ്യവസായ സംരംഭങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ. സംസ്കരിച്ചമത്സ്യം, പച്ചക്കറി,പഴങ്ങൾ, തേൻ,പൂക്കൾ, കാർഷികോത്പന്നങ്ങൾ, കുടുംബശ്രീഉത്പന്നങ്ങൾ എന്നിവയെല്ലാം കയറ്റുമതി ചെയ്യാം. സുഗന്ധവ്യഞ്ജനങ്ങളും കശുഅണ്ടിയും കയറുമടക്കം കേരളത്തിന്റെ ഉത്പന്നങ്ങൾ വേഗത്തിലും കുറഞ്ഞചെലവിലും ആഗോളവിപണിയിലെത്തിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |