SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

എഴുതാനാവില്ല, വായിക്കാനും ; കവിത ചൊല്ലും ആറ് ഭാഷകളിൽ !

aa

തിരുവനന്തപുരം: തലച്ചോറിന്റെ ഇടതു വശത്ത് രോഗം ബാധിച്ചതിനാൽ സ്വന്തം കാര്യങ്ങൾ ചെയ്യാൻ വയ്യ. എഴുതാനും വായിക്കാനുമാവില്ല. പക്ഷേ, അതിമനോഹരമായി കവിതചൊല്ലും ആറുഭാഷകളിൽ. ജന്മനാൽ ഓട്ടിസം ബാധിതനായ അലൻ മൈക്കിളിന്റെ (19) പാട്ടുകൾ ഒരിക്കൽ കേട്ടാൽ ആ സ്വരം മറക്കില്ല. വർഷങ്ങൾക്ക് മുമ്പേ കേട്ട ഗാനങ്ങളും കവിതകളുമാണ് ഇപ്പോഴും തെറ്റാതെ പാടുന്നത്. കേട്ടു പഠിച്ച വരികൾക്ക് നല്ല ഉച്ചാരണശുദ്ധിയും.

ഇടുക്കി പീരുമേട് ചീന്തലയാർ സ്വദേശിയായ അലൻ, ഇടുക്കി സി.എം.ഐ സ്പെ‌ഷ്യൽ ‌സ്കൂളിലായിരുന്നു പഠിച്ചത്. 2023ലാണ് തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആർട്ട് സെന്ററിലെത്തിയത്. സെന്ററിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗം അദ്ധ്യാപിക ഡോ. എ.എം. മേരിക്കുട്ടിയാണ് കവിതാലാപനത്തിലെ കഴിവ് തിരിച്ചറിഞ്ഞത്. പിതാവ് മൈക്കിൾ തോട്ടം തൊഴിലാളിയായിരുന്നു. ഇടുക്കി ഏലപ്പാറ ഗവ.ഹൈസ്കൂളിലെ താത്കാലിക പാചകകാരിയായ ജെസിയാണ് അമ്മ. സഹോദരങ്ങൾ: ബ്രൗണി മൈക്കിൾ, പ്രിയ മൈക്കിൾ.

എല്ലാം കേട്ടുപഠിച്ചു, വിദേശത്തും താരം

മലയാളത്തിന് പുറമേ തമിഴ്, ഇംഗ്ളീഷ്, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളിലാണ് പാടുന്നത്. എല്ലാ പാട്ടുകളും കേട്ടാണ് പഠിച്ചത്. കലാഭവൻ മണിയുടെ നാടൻപാട്ടുകളുടെ ആരാധകനായ അലൻ വിദേശങ്ങളിലും ഇന്ത്യയിലെ നഗരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഗായകൻ ഉണ്ണിമേനോനൊപ്പം പാടണമെന്ന ആഗ്രഹവും സഫലമായി. ടെലിവിഷൻ പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. സാമൂഹികനീതി വകുപ്പിന്റെ ഭിന്നശേഷി സർഗോത്സവമായ 'സവിശേഷ' പരിപാടിയിൽ ഇടുക്കി യിൽ നിന്ന് തിരഞ്ഞെടുത്തത് അലനെയായിരുന്നു.

''അലന് അസാധാരണ ഓർമ്മശക്തിയാണുള്ളത്. ഇത്തരം കുട്ടികൾ അലനെപ്പോലെ സമൂഹത്തിലേക്ക് ഇറങ്ങിചെല്ലണം.''

- ഡോ.എ.എം.മേരികുട്ടി, അദ്ധ്യാപിക,

ഡിഫറന്റ് ആർട്ട് സെന്ററിലെ ലിംഗ്വസ്റ്റിക്സ് വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA