
തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയായി പാലക്കാട് റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ചു. കർണാകടയിലെ മംഗലാപുരം വരെ വിസ്തൃതി ഉണ്ടായിരുന്നത് കാസർകോടിന് അപ്പുറം വരെയായി ചുരുങ്ങി. മംഗലാപുരം മൈസൂരു റെയിൽവേ ഡിവിഷന്റെ ഭാഗമായി.
റെയിൽവേ ബോർഡ് ഗസറ്റിൽ വിജ്ഞാപനം ചെയ്തു. ഒക്ടോബർ ഒന്നുമുതൽ പുതിയ മാറ്റം നിലവിൽ വരും.
2007ലും പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചിരുന്നു. അന്ന് കോയമ്പത്തൂർ ഭാഗം പുതുതായി രൂപീകരിച്ച സേലം ഡിവിഷനിൽ ഉൾപ്പെടുത്തി.
ഡിവിഷന്റെ വിസ്തൃതിയും ലൈനുകളുടെ എണ്ണവും കുറയുന്നതോടെ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുന്ന ഫണ്ടും കുറയും. ഇതു വികസനപദ്ധതികൾ നഷ്ടപ്പെടുത്തും. മൂന്നു സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഡിവിഷൻ എന്ന പ്രത്യേകത പാലക്കാടിന് ഉണ്ടായിരുന്നു. അതിന്റെ പരിഗണനയും ലഭിച്ചിരുന്നു. കോയമ്പത്തൂർ ഭാഗത്ത് പൊള്ളാച്ചിയിലേക്ക് പോകുന്ന പാതവരെമാത്രമായി പാലക്കാടിന്റെ പരിധി നേരത്തേ ചുരുങ്ങി. ഇപ്പോൾ നേത്രാവതി പുഴയുടെ ഇക്കരെ കാസർകോട് നിന്ന് 35കിലോമീറ്റർ അകലെയുള്ള ഉള്ളാൽ വരെയായി ഡിവിഷൻ ചുരുങ്ങി. കേരളത്തിൽ തിരുവനന്തപുരമാണ് മറ്റൊരു ഡിവിഷൻ.
മംഗലാപുരം ദക്ഷിണ-പശ്ചിമ റെയിൽവേയിലേക്ക് മാറും.
കർണാടകത്തിലെ സ്റ്റേഷനുകൾ ഒരുമിച്ച് വരുന്നതാണ് വികസനത്തിന് നല്ലതെന്ന ജനപ്രതിനിധികളുടേയും കേന്ദ്രറെയിൽവേ സഹമന്ത്രി വി.സോമണ്ണയുടെയും താൽപര്യമനുസരിച്ചാണ് തീരുമാനം.
കൊങ്കൺ റെയിൽവേയുടെ പരിധിയിൽ മാറ്റമില്ല. അത് മംഗലാപുരത്തിനടുത്ത് തോക്കൂർ സ്റ്റേഷൻ മുതൽ തന്നെയായി തുടരും.
നിലവിലെ അതിർത്തികൾ ഇനി കൊങ്കൺ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള അതിർത്തികളാകും. ദക്ഷിണ റെയിൽവേയും സൗത്ത് വെസ്റ്റേൺ റെയിൽവേയും തമ്മിലുള്ള ഡിവിഷണൽ/സോണൽ അതിർത്തികൾ ഗസറ്റ് വിജ്ഞാപനത്തിൽ പിന്നീട് വ്യക്തമാക്കും.
സ്ഥലംമാറ്റ ഉത്തരവ് പിന്നീട്
ജീവനക്കാരുടെ പുനർവിന്യാസത്തിൽ, സോൺ മാറ്റവുമായി ബന്ധപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള സ്ഥലംമാറ്റ ഉത്തരവുകൾ പിന്നീട്.
ഗ്രൂപ്പ്ബി ഓഫീസർമാരുടെ കാര്യത്തിൽ നിലവിലുള്ള ചട്ടപ്രകാരമുള്ള നടപടികളുണ്ടാകും.
നോൺഗസറ്റഡ് ജീവനക്കാർക്ക്, തസ്തികകളും ജീവനക്കാരെയും നിലവിലുള്ള അവസ്ഥയിൽ തന്നെ മാറ്റും.
ജീവനക്കാർക്ക് ദക്ഷിണ റെയിൽവേയിൽ തുടരാനോ അല്ലെങ്കിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറാനോ ഓപ്ഷനുണ്ടാകും.
നിലവിലെ ഗ്രേഡിലെ സേവനകാലയളവിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സീനിയോരിറ്റി നിശ്ചയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |