SignIn
Kerala Kaumudi Online
Monday, 11 May 2026 6.11 PM IST

ബിഎസ്എൻഎല്ലിന് മുന്നിൽ മുട്ടുമടക്കി 'അംബാനി', എയർടെല്ലും പിന്നിലായി, പുതിയ റിപ്പോർട്ട് പുറത്ത്

Increase Font Size Decrease Font Size Print Page
bsnl

തിരുവനന്തപുരം: ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വിപണിയിൽ സ്വകാര്യ സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയെ പിന്തള്ളി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ രാജ്യത്ത് ഒന്നാമതെത്തി. ഫ്രഞ്ച് നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ 'എൻപെർഫ്' പുറത്തുവിട്ട 2025– 26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് ബി.എസ്.എൻ.എൽ.മുന്നിലെത്തിയത്.

ഇന്റർനെറ്റ് വേഗത, ലാറ്റൻസി, ബ്രൗസിംഗ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ ബി.എസ്.എൻ.എൽ 89,174 പോയിന്റ് നേടി. എയർടെൽ 74,975 പോയിന്റുമായി രണ്ടാമതും ജിയോ 73,957 പോയിന്റുമായി മൂന്നാമതുമാണ്. ബി.എസ്.എൻ.എല്ലിന്റെ ഡൗൺലോഡ് വേഗത മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർദ്ധിച്ച് സെക്കൻഡിൽ 78.5 എം.ബി.പി.എസായി ഉയർന്നു. മറ്റുള്ളവയെക്കാൾ മികച്ച അപ്‌ലോഡ് വേഗതയും (75.26 എം.ബി.പി.എസ്) ബി.എസ്.എൻ.എല്ലിനുണ്ട്. കൂടാതെ യൂട്യൂബ് സ്ട്രീമിങ്ങിലും മികച്ച പ്രകടനമാണ് പൊതുമേഖലാ സ്ഥാപനം കാഴ്ചവച്ചത്.

ഫിക്സഡ് ലൈൻ വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും പിന്നിലായിരുന്ന ബി.എസ്.എൻ.എൽ,അഞ്ച് വർഷമായി സേവന നിലവാരത്തിൽ വരുത്തിയ സ്ഥിരതയാർന്ന പ്രവർത്തനത്തിലൂടെ ഫൈബർ ഒപ്റ്റിക് സേവനങ്ങൾ വ്യാപിപ്പിച്ചതാണ് നേട്ടത്തിന് കാരണമായത്.

ജിയോയ്ക്ക് ഡൗൺലോഡ് വേഗതയിൽ നേരിയ മുൻതൂക്കമുണ്ടെങ്കിലും അപ്‌ലോഡ് വേഗതയിലും ലാറ്റൻസിയിലും പിന്നിലായത് തിരിച്ചടിയായി. ഇന്ത്യയിലെ വയർലൈൻ വിപണിയിൽ നിലവിൽ ജിയോയ്ക്ക് 31.36ശതമാനവും എയർടെല്ലിന് 21.34 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. ബി.എസ്.എൻ.എല്ലിന് 15.45 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്.

TAGS: BSNL, AIRTEL, TECH, JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY