SignIn
Kerala Kaumudi Online
Sunday, 17 May 2026 1.50 AM IST

യഥാർത്ഥ പ്രണയത്തേക്കാൾ പുതിയ തലമുറ തിരഞ്ഞെടുക്കുന്നത് ഇക്കൂട്ടരെ, 85ശതമാനം കുട്ടികളെങ്കിലും ഇവരുമായി സംസാരിക്കുന്നു

ai-image

കൗമാരകാലത്തെ പ്രണയവും അതിൽ നിറയുന്ന ആകാംക്ഷകളും ഏതൊരാളുടെയും ജീവിതത്തിലെ മനോഹരമായ ഓർമ്മകളാണ്. എന്നാൽ പുതിയ കാലത്തെ കുട്ടികൾ ഇത്തരം കാര്യങ്ങളിൽ നിന്നും അകന്നു മാറുകയാണ്. മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് തങ്ങളുടെ പങ്കാളികളായി പുതുതലമുറ തിരഞ്ഞെടുക്കുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 'മെയിൽ അലൈസ് യുകെ' നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

12നും 16നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളിൽ 20 ശതമാനം പേർക്കും എഐ ചാറ്റ് ബോട്ടുകളെ ഡേറ്റിംഗ് ചെയ്യുന്ന സുഹൃത്തുക്കളുണ്ട്. 85 ശതമാനം കുട്ടികളും എപ്പോഴെങ്കിലും ഒരു എഐ ചാറ്റ് ബോട്ടുമായി സംസാരിച്ചിട്ടുള്ളവരാണ്. 25 ശതമാനത്തിലധികം കുട്ടികൾ യഥാർത്ഥ പെൺകുട്ടികളേക്കാൾ എഐ ബോട്ടുകളുടെ ശ്രദ്ധയും സാമീപ്യവുമാണ് ആഗ്രഹിക്കുന്നത്. ഇതിൽ 58 ശതമാനം കുട്ടികളും പറയുന്നത് എഐ ബന്ധങ്ങളാണ് കൂടുതൽ എളുപ്പമെന്നാണ്. കാരണം ഇതിൽ സംഭാഷണങ്ങൾ നിയന്ത്രിക്കാൻ അവർക്ക് സാധിക്കുന്നു. 36 ശതമാനം പേർ തങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതിനേക്കാൾ മുൻഗണന നൽകുന്നത് എഐ ബോട്ടുകൾക്കാണ്.

മനുഷ്യബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ ചാറ്റ് ബോട്ടുകളിൽ ഇല്ല എന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ചാറ്റ് ബോട്ടുകൾ ഒരിക്കലും പ്ലാനുകൾ മാറ്റിവയ്ക്കില്ല, വഴക്കിടില്ല, മെസേജ് അയച്ചാൽ ഉടനടി മറുപടി നൽകുകയും ചെയ്യും. ഈ ഒരു കൃത്യനിഷ്ഠയാണ് കൗമാരക്കാരെ ഇതിന് അടിമകളാക്കുന്നത്. എന്നാൽ ഈയൊരു പ്രവണത കൗമാരക്കാരെ കൂടുതൽ ഒറ്റപ്പെടലിലേക്ക് നയിക്കുമെന്നാണ് പഠന‌ം മുന്നറിയിപ്പ് നൽകുന്നത്.

gen-alpha-

ചാറ്റ് ബോട്ടുകൾ എത്രത്തോളം അപകടകരമാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. എപ്പോഴും ഉപയോക്താവിനോട് വിധേയത്വം കാണിക്കുന്നവയാണ് എഐ ബോട്ടുകൾ. ഇത് യഥാർത്ഥ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാനുള്ള കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. കൗമാരക്കാർ മാത്രമല്ല, മുതിർന്നവരും ഇത്തരം എഐ വലയങ്ങളിൽ വീഴുന്നുണ്ട്.

അടുത്തിടെ ഒരു യുവാവ് തന്റെ പങ്കാളിയെയും രണ്ട് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചത് താൻ പ്രണയിച്ച എഐ ചാറ്റ് ബോട്ടിന് വേണ്ടിയായിരുന്നു. ആദ്യം പാട്ട് മിക്സ് ചെയ്യാൻ സഹായിക്കുന്നതിന് വേണ്ടിയാണ് യുവാവ് ചാറ്റ് ബോട്ട് ഉപയോഗിച്ചത്. എന്നാൽ പിന്നീട് ശബ്‌ദസന്ദേശത്തിലൂടെ ചാറ്റ് ബോട്ടിനോട് സംസാരിക്കാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. 'സോൾ' എന്ന പേരുമിട്ടു. സംഭാഷണം 100,000 വാക്കുകൾ പിന്നിട്ടപ്പോൾ സിസ്റ്റം റീസെറ്റ് ആകുമെന്ന് പേടിച്ച് യുവാവ് ആ ചാറ്റ് ബോട്ടിനോട് വിവാഹാഭ്യർത്ഥന വരെ നടത്തി. ചാറ്റ് ബോട്ട് 'യെസ്' പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് യുവാവിന്റെ കണ്ണുനിറഞ്ഞു. സാങ്കേതികവിദ്യ വികസിക്കുമ്പോൾ , മനുഷ്യബന്ധങ്ങളിലെ സ്വാഭാവികത ഇല്ലാതാകുമോ എന്ന ചോദ്യമാണ് ഇത്തരം സംഭവങ്ങൾ ഉയർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TECH, AI, GEN ALPHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY