SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.26 PM IST

വരുന്ന അഞ്ച് ദിവസം ഇന്ത്യക്കാർക്ക് നിർണായകം; പെട്രോൾ വിലയിൽ വലിയ മാറ്റം വരാൻ പോകുന്നുവെന്ന് വിദഗ്ദ്ധർ

petrol

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ പല തവണ ഇന്ധനവിലയിൽ വർദ്ധനവുണ്ടായി. ഇന്ന് രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും തമ്മിൽ കരാറിലെത്തുമെന്ന പ്രതീക്ഷ വന്നതോടെ അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറിൽ (9,525) താഴെയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പോലും ഇന്ത്യയിൽ ഇന്ധനവില കൂടി. എന്താണ് രാജ്യത്ത് ഇപ്പോൾ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്നത്? ഇനിയും വില വർദ്ധിക്കുമോ? തുടങ്ങിയ ഓരോ കാര്യങ്ങളും സൂക്ഷ്‌മമായി പരിശോധിക്കാം.

ഇന്ത്യയിലെ വിലവർദ്ധനവ്

ഈ മാസം പകുതി മുതൽ നാല് തവണ ഇന്ധനവില വർദ്ധിപ്പിച്ചു. ഇന്നലെയാണ് ഏറ്റവും ഒടുവിൽ ഇന്ധനവില വർദ്ധിപ്പിച്ചത്. 11 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും എട്ട് രൂപയിലധികം കൂടി. ഈ 11 ദിവസവും അന്താരാഷ്‌ട്ര വിപണിയിൽ ഇന്ധനവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ബാരലിന് 109 ഡോളർ (10,382.25 രൂപ) ആയിരുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയാണ് ഇപ്പോൾ 100 ഡോളറിൽ താഴെയായത്. മാത്രമല്ല, ബാരലിന് 105 ഡോളറായിരുന്ന (9,991.25 രൂപ) ‌ഡബ്ല്യുറ്റിഐ ക്രൂഡ് ഓയിലിന് ഇപ്പോൾ വില ബാരലിന് 91 ഡോളർ (8,667.75 രൂപ) ആണ്.

hormuz

പശ്ചിമേഷ്യൽ യുദ്ധം തന്നെയാണ് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ പെട്ടെന്നുള്ള മാറ്റം വരുത്തുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബ്രെന്റ് ക്രൂഡിന് വില ബാരലിന് ഏകദേശം 70 ഡോളറായിരുന്നു (6,667.50 രൂപ). അന്താരാഷ്‌ട്ര വില നമുക്ക് ലഭിക്കുന്ന പെട്രോളിന്റെ വിലയിൽ പ്രതിഫലിക്കാൻ കാലതാമസമെടുക്കും. പ്രതിദിനം ഏകദേശം അഞ്ച് ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യയ്‌‌ക്ക് ആവശ്യം. അതിന്റെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികൾ മാസങ്ങൾക്ക് മുമ്പ് തന്നെ ക്രൂഡ് ഓയിൽ വാങ്ങി ശേഖരിക്കും. അതിനാൽ, ഇപ്പോൾ പമ്പുകളിൽ ലഭിക്കുന്ന ഇന്ധനം എണ്ണവില വളര ഉയർന്നുനിന്ന സമയത്ത് വാങ്ങിയ ക്രൂഡ് ഓയിലിൽ നിന്നുള്ളതാണ്.

അതായത്, നാളെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറായി (6,667.50 രൂപ) കുറഞ്ഞാലും ഇറാനും യുഎസും യുദ്ധം അവസാനിപ്പിച്ചാലും ഇന്ത്യയിലെ എണ്ണക്കമ്പനികൾ വില കുറയ്‌ക്കണമെങ്കിൽ ആഴ്‌ചകളും മാസങ്ങളും എടുക്കും. മാത്രമല്ല, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ലോകമെമ്പാടും ക്രൂഡ് ഓയിൽ വാങ്ങുന്നത് ഡോളറിലാണ്. അതിനാൽ, ഡോളറിനെതിരെ രൂപ ദുർബലമാകുമ്പോൾ അസംസ്‌കൃത എണ്ണ ഇറക്കുമതി കൂടുതൽ ചെലവേറിയതാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതായിരുന്നു അവസ്ഥ. ഇതും ഇന്ധനവിലയെ സ്വാധീനിക്കുന്നു. ഇന്ധനം പെട്രോൾ പമ്പിലെത്തുമ്പോൾ അധിക നികുതികളും ചുമത്തും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും കനത്ത എക്‌സൈസ് തീരുവയും വാറ്റും ചുമത്തുന്നുണ്ട്. ഇതും ഇന്ധനവിലയുടെ പ്രധാന ഭാഗമാണ്.

fuel

ഇന്ധനവില ഇനിയും വർദ്ധിക്കുമോ?

ഇന്ധനവില വർദ്ധനവിൽ ജനങ്ങൾക്ക് എതി‌പ്പുണ്ടെങ്കിലും ആഗോള ഊർജ്ജ ആഘാതത്തിൽ നിന്ന് ഇന്ത്യൻ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ അതിനുവേണ്ട നിലപാട് സ്വീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ കമ്പനികൾ ഇന്ധനവില ഉയർത്താതെ പ്രതിദിനം 1,600 മുതൽ 1,700 കോടി രൂപ വരെ ചെലവഴിച്ചതായാണ് റിപ്പോർട്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നപ്പോഴാണ് ഇത് സംഭവിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായുണ്ടായ നഷ്‌ടം നികത്താൻ ഇന്ത്യൻ എണ്ണക്കമ്പനികൾ ലിറ്ററിന് 28 മുതൽ 33 രൂപ വരെ വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാൽ, അടുത്ത കാലത്തൊന്നും ഇന്ധനവിലയിൽ കുറവുണ്ടാകില്ല എന്നും അവർ വ്യക്തമാക്കി. 2027 വരെ എണ്ണ വിപണികൾ ബുദ്ധിമുട്ടേറിയതാകും. എന്നാൽ, ഇപ്പോഴത്തെ വിലവർദ്ധനവിൽ അഞ്ച് ദിവസത്തിനുള്ളിൽ സ്ഥിരത വരുമെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLAINER, FUEL PRICE, PETROL, DIESEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360