SignIn
Kerala Kaumudi Online
Saturday, 25 April 2026 4.41 PM IST

ജെൻ സിയെ ബൂത്തിലേക്ക് എത്തിക്കാൻ സംഘടനകൾ

Increase Font Size Decrease Font Size Print Page

ആലപ്പുഴ: വോട്ടിനോട് മുഖംതിരിക്കുന്ന ജെൻസി വിഭാഗത്തെ പോളിംഗ് ബൂത്തിലേക്കെത്തിക്കാൻ പദ്ധതിയിട്ട് യുവജന പ്രസ്ഥാനങ്ങൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂട്ടത്തോടെ മുഖംതിരിച്ചിരുന്ന ഇവരെ നേരിൽക്കണ്ട് സംസാരിക്കാനും ബോധവത്കരിക്കാനുമാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിനെ പറ്റി ചോദിക്കുമ്പോൾ "നമ്മുടെ കാര്യം നോക്കിയാൽ പോരെ" എന്നായിരുന്നു ഇവരുടെ മറുപടി.

1997നും 2012നും മദ്ധ്യേ ജനിച്ചവരാണ് ജെൻ സി എന്ന് ലോകമാകെ അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പിനോട് വലിയൊരു ശതമാനം ജെൻ സി വിഭാഗം മുഖം തിരിച്ചതാണ് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറയാൻ കാരണമെന്ന് യുവനേതാക്കൾ പറയുന്നു. 2020ൽ 77.35 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. 2015നേക്കാൾ 3.14 ശതമാനം കുറവായിരുന്നു ഇത്. 2015ൽ 80.49 ആയിരുന്നു പോളിംഗ്ശതമാനം. എന്നാൽ 2025ൽ എത്തിയപ്പോൾ 73.77 ശതമാനമായി കുത്തനെ ഇടിഞ്ഞു.

ഈ ഇടിവ് നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ജെൻ സിയുമായി മീറ്റിംഗ്

ജെൻ സി വിഭാഗങ്ങളിൽപ്പെട്ടവരെ അവരുള്ളിടത്ത് പോയി കണ്ട് വോട്ടിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്കരിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ ലക്ഷ്യം. രാവിലെ വീട്ടിലെത്തിയാൽ ഇവരെ കാണണമെന്നില്ല. അതത് മേഖലകളിലെ നേതാക്കളും പ്രവ‌‌ർത്തകരും അവർ ഉണ്ടാവാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, ടർഫുകൾ എന്നിവിടങ്ങളിലെത്തും. വോട്ടിംഗിന്റെ പ്രധാന്യം, സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ എന്നിങ്ങനെയുള്ള ചെറിയ വീഡിയോകൾ തയ്യാറാക്കി ഇവർക്ക് അയച്ചു നൽകും.

ജെൻസികളെ കണ്ടെത്തുന്നതിനും അവരെ നേരിൽക്കാണുന്നതിനും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രത്യേക പ്രചരണം നടത്തും. ഒരു പഞ്ചായത്തിൽ 50 പേ‌ർ വീതമുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 18-40 വയസുവരെ പ്രായമുള്ള വോട്ടർമാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ വീടുകളിലെത്തി പ്രത്യേകം കാണും.

വിളിക്കും, കൊണ്ടുവരും

 ജോലിക്കായും പഠിക്കാനും പോയിട്ടുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഫോൺവഴി ബന്ധപ്പെടും

 ജോലിക്ക് പോയിട്ടുള്ളവരെ അവധിയെടുത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും

 പഠിക്കാൻ പോയിട്ടുള്ളവർക്ക് അവധി ലഭിച്ചില്ലെങ്കിൽ മേലധികാരികളെ ബന്ധപ്പെട്ട് നാട്ടിലെത്തിക്കും

 ഇവരെ നാട്ടിലെത്തിക്കാനും ബൂത്തിലെത്തിക്കാനുമുള്ള എല്ലാകാര്യങ്ങളും ചെയ്യും

ജെൻ സി വിഭാഗങ്ങളെ ഇത്തവണ പരമാവധി ബൂത്തിലെത്തിക്കും. ജനാധിപത്യ മൂല്യങ്ങളെപ്പറ്റി അവർക്ക് ബോധവത്കരണം നടത്തും. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കും

-ഡോ. എം.പി. പ്രവീൺ, ജില്ലാ പ്രസിഡന്റ

യൂത്ത് കോൺഗ്രസ്

ജെൻസി വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണം നടത്തും. വോട്ടേഴ്സ് ലിസ്റ്രിൽ നിന്ന് ഇവരുടെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

-ജെയിംസ് സാമുവൽ, ജില്ലാ പ്രസിഡന്റ്

ഡി.വൈ.എഫ്.ഐ

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.