ഹരിപ്പാട്: തന്റെ രാഷ്ട്രീയ തട്ടകമായ ഹരിപ്പാട്ട് എതിരാളികളെ നിഷ്പ്രഭരാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് ഉജ്ജ്വല വിജയം. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 23,377 വോട്ടുകൾ നേടിയാണ് ചെന്നിത്തല നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2021-ലെ തിരഞ്ഞെടുപ്പിൽ ലഭിച്ച 13,666 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ പതിനായിരത്തോളം വോട്ടുകൾ വർധിപ്പിച്ച് അദ്ദേഹം തിളക്കമാർന്നതാക്കിയത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനായില്ല. തീരദേശ മേഖലകളിലും ഗ്രാമീണ വോട്ടർമാർക്കിടയിലും ഉണ്ടായ ശക്തമായ സ്വാധീനമാണ് ഈ കൂറ്റൻ വിജയത്തിന് വഴിയൊരുക്കിയത്.
2016ൽ ലഭിച്ച 18,621 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ അദ്ദേഹം തിരുത്തിക്കുറിച്ചത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും വോട്ടർമാരുമായി താൻ കാത്തുസൂക്ഷിക്കുന്ന നാല് പതിറ്റാണ്ടിലേറെയായുള്ള ഹൃദയബന്ധത്തിനുമുള്ള അംഗീകാരമാണ് ഈ ജനവിധിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിജയവിവരമറിഞ്ഞതോടെ യു.ഡി.എഫ് പ്രവർത്തകർ മണ്ഡലത്തിലുടനീളം ആഹ്ലാദപ്രകടനങ്ങൾ നടത്തി.
രമേശ് ചെന്നിത്തല എന്ന ജനകീയ നേതാവിന്റെ മുഖത്തിന് തിളക്കമേകാൻ ഈ വിജയം കാരണമായെന്നും എല്ലാ വിഭാഗം ജനങ്ങളോടും യു. ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായും ചെയർമാൻ അനിൽ ബി കളത്തിലും ജനറൽ കൺവീനർ ജോൺതോമസും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |