SignIn
Kerala Kaumudi Online
Friday, 15 May 2026 10.05 PM IST

കക്ക തൊഴിലാളികളുടെ ജീവിതം ദുരിതപൂർണം

s

തുറവൂർ: നിത്യവും കായലിൽ ഊളിയിടേണ്ടി വരുന്ന കക്ക തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമായി മാറുകയാണ്.

കായലിനടിയിലേക്കുള്ള ഓരോ മുങ്ങലും ജീവൻ പണയം വച്ചുള്ള ശ്രമമാണ്. നീർനായയുടെ ആക്രമണ ഭീഷണി, അപ്രതീക്ഷിത കാറ്റും കോളും, കായലിന്റെ അപകടകരമായ സ്വഭാവം തുടങ്ങിയ വെല്ലുവിളികളെ യെല്ലാം അതിജീവിച്ചാണ് തൊഴിലാളികൾ കക്കയുമായി കരയെത്തുന്നത്.

ജോലിക്കിടെ അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണവും കുറവല്ല. വേനൽക്കാലത്ത് ഉപ്പിന്റെ സാന്ദ്രത കൂടുന്നതോടെ കക്ക ഇറച്ചിയുടെ ഗുണനിലവാരം കുറയുകയും ആവശ്യവും വിലയും കുറയുകയും ചെയ്യും. രാവിലെ കായലിൽ മുങ്ങി കക്ക ശേഖരിച്ചു പുഴുങ്ങി വൈകുന്നേരം വിപണിയിൽ വിൽക്കുന്നതാണ് തൊഴിലാളികളുടെ ദിനചര്യ. കഠിനാധ്വാനം ചെയ്തിട്ടും ലഭിക്കുന്ന വരുമാനം ജീവിതച്ചെലവുകൾക്ക് പോലും മതിയാവുന്നില്ലെന്നാണ് ഇവർ പറയുന്നത്. സുരക്ഷാ സംവിധാനങ്ങളോ, ഇൻഷുറൻസോ, ആരോഗ്യപരിരക്ഷയോ ഇല്ലാത്തത് തൊഴിലാളികളുടെ ദുരിതം വർദ്ധിപ്പിക്കുന്നു.

14 കക്ക സംഘങ്ങളിൽ

മൂന്നെണ്ണം മുഹമ്മയിൽ

അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, തുറവൂർ, വയലാർ, തണ്ണീർമുക്കം, മുഹമ്മ തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരത്തോളം പേർ കക്കയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഒറ്റയ്ക്കും സംഘങ്ങളായും കക്ക ശേഖരിച്ച് പുഴുങ്ങി ഇറച്ചിയും തോടും വേർതിരിക്കുന്ന ജോലിയാണ് പ്രധാന ഉപജീവനം. കേരളത്തിലെ പതിനാലു കക്ക സംഘങ്ങളിൽ മൂന്നെണ്ണം മുഹമ്മയിലാണ് പ്രവർത്തിക്കുന്നത്. ദിവസേന നൂറോളം പാട്ട കക്കയാണ് സംഘം ശേഖരിക്കുന്നത്. ഇത്രത്തോളം തന്നെ വീടുകളിലും സംസ്കരിക്കുന്നുണ്ട്. ‘നീറ്റ് കക്ക’ ഒരു പാട്ടിന് 75 മുതൽ 80 രൂപവരെയാണ് വില. എന്നാൽ,​ ഇടനിലക്കാരിലൂടെ ഇത് കർഷകർക്ക് മൂന്നിരട്ടി വിലയ്ക്കാണ് എത്തുന്നത്. മികച്ച ജൈവവളമായ കക്ക മണ്ണിന്റെ പുളിപ്പ് കുറയ്ക്കാനും തെങ്ങിനും നെല്ലിനും കരുത്ത് നൽകാനും സഹായിക്കും. ന്യായവില ഉറപ്പാക്കാൻ കൃഷിവകുപ്പ് ഇടപെടണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL