SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

വൈദ്യുതി സംവിധാനത്തിൽ ഓല കുടുങ്ങി, പാസഞ്ചർ ഒന്നേകാൽ മണിക്കൂർ പിടിച്ചിട്ടു

lkjkljkl

തുറവൂർ : ശക്തമായ കാറ്റിൽ പറന്നെത്തിയ ഓലയുടെ ഭാഗം ട്രെയിനിന്റെ എൻജിനുമുകളിലെ പാന്റോഗ്രാഫിൽ (ഓവർഹെഡ് വയറുകളിൽ നിന്ന് വൈദ്യുതി ശേഖരിക്കുന്ന സംവിധാനം ) കുടുങ്ങിയതിനെ തുടർന്ന് എറണാകുളം – ആലപ്പുഴ പാസഞ്ചർ ട്രെയിൻ തുറവൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നേകാൽ മണിക്കൂറോളം പിടിച്ചിട്ടു.

ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം.

എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ട്രെയിൻ തുറവൂർ സ്റ്റേഷനിലെത്തിയപ്പോഴാണ് ശക്തമായ കാറ്റിൽ പറന്നെത്തിയ ഓലക്കഷണം എൻജിൻ ബോഗിയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള പാന്റോഗ്രാഫും ഓവർഹെഡ് വൈദ്യുതി ലൈനും തമ്മിൽ ചേരുന്ന ഭാഗത്ത് കുടുങ്ങിയത്. ഇതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ ഉടൻ നിർത്തി.

ആദ്യഘട്ടത്തിൽ പൈപ്പ് ഉപയോഗിച്ച് ഓലക്കഷണം നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് എറണാകുളത്തുനിന്ന് റെയിൽവേയുടെ മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഓല നീക്കം ചെയ്ത് തകരാർ പരിഹരിച്ചത്.

അറ്റകുറ്റപ്പണി വൈകിയതിനെ തുടർന്ന് യാത്രക്കാർ സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി. കൊല്ലത്തേക്കുള്ള കണക്ഷൻ ട്രെയിനിൽ യാത്ര തുടരേണ്ട നിരവധി യാത്രക്കാരും ഈ ട്രെയിനിലുണ്ടായിരുന്നു. വൈകിട്ട് 5.45ഓടെയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL