ആലപ്പുഴ : കായൽ നിലങ്ങളുൾപ്പെടെ പുഞ്ചകൃഷിക്കുള്ള പാടശേഖരങ്ങളുടെ ലേലം വൈകുന്നത് കുട്ടനാട്ടിൽ കർഷകരെ ആശങ്കയിലാക്കുന്നു. മുമ്പ് ജൂലായ് പകുതിയോടെ തുടങ്ങി ആഗസ്റ്റ് ആദ്യവാരം ലേലം പൂർത്തിയാക്കി പാടങ്ങൾ കൃഷിക്ക് ഒരുക്കുന്ന രീതിയാണ് കുട്ടനാട്ടിലുണ്ടായിരുന്നത്. എന്നാൽ, ജൂലായ് മൂന്നാം വാരം പിന്നിടുമ്പോഴും പാടശേഖരങ്ങളുടെ ലേല നടപടികൾ വൈകുകയാണ്.
പാടങ്ങളും ബണ്ടുകളും ഒരുക്കാനും പൊതുമടകളും പെട്ടിയും അറയും സ്ഥാപിക്കാനും വൈദ്യുതി കണക്ഷനും പമ്പിംഗും കളനശീകരണവും വിതമെല്ലാം വൈകാൻ ഇത് കാരണമാകുമെന്നാണ് കർഷകരുടെ ആശങ്ക.
കുട്ടനാട് താലൂക്കിൽ നീലമ്പേരൂർ, കാവാലം, കുന്നുമ്മ, പുളിങ്കുന്ന്, കൈനകരി തുടങ്ങിയ കായൽ നിലങ്ങളിലും എടത്വ, രാമങ്കരി, വെളിയനാട്, ചമ്പക്കുളം, തകഴി കൃഷിഭവൻ പരിധികളിലെ 450 ഓളം പാടങ്ങളിലുമായി 20,000 ഏക്കർ സ്ഥലത്താണ് പുഞ്ചകൃഷി നടത്തേണ്ടത്.
സാധാരണയായി ഈ മാസം പകുതിയോടെ തുടങ്ങി അടുത്തമാസം ആദ്യവാരം പൂർത്തിയാകും വിധമായിരുന്നു സർക്കാർ ലേലം നടത്തിയിരുന്നത്. എന്നാൽ, ഈ സീസണിൽ പാടശേഖര സമിതികൾ അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. വ്യവസ്ഥകൾക്ക് വിധേയമായി പാടശേഖരത്തിലെ പമ്പിങ്ങിനായി ഒരു കരാറുകാരനെ കണ്ടെത്തി ചുമതലപ്പെടുത്തുന്നതിനാ
ണ് ലേലം നടത്തുന്നത്. ലേലം നടത്തിയാലേ വൈദ്യുതി കണക്ഷൻ നടപടികളുമായി പാടശേഖരസമിതിക്ക് മുന്നോട്ടുപോകാനാകൂ.
സമയത്ത് കൃഷിയിറക്കാനാകില്ല
# ചിങ്ങം1ന് കൃഷിക്കുളള പ്രാരംഭ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. കൃത്യസമയത്ത് പമ്പിംഗ് നടന്നില്ലെങ്കിൽ കൃഷിയെ സാരമായി ബാധിക്കും. എൽനിനോയുടെ ഭാഗമായി ഈ വർഷം ചൂട് കൂടാനുള്ളസാദ്ധ്യത വിളവിനെ സാരമായി ബാധിക്കും
# ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ അമിത ചൂട് അതിജീവിക്കാൻ ഒക്ടോബർ പകുതി മുതൽ നവംബർ ആദ്യവാരത്തോടെ വിതയിറക്കാനാണ് കർഷകർ ഉദ്ദേശിച്ചിരിക്കുന്നത്.ലേലം വൈകുന്നതിനാൽ സമയ ബന്ധിതമായി കൃഷിയിറക്കാനാകില്ല
# 2400 ഏക്കർ വിസ്തൃതിയുള്ള ഇ-ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ പാടശേഖരത്തിൽ വെള്ളം വറ്റിക്കാൻ മാത്രം 35 ദിവസമെടുക്കും. കൃഷിയിടം ഒരുക്കി കള കിളിർത്ത് വീണ്ടും വെള്ളം കയറ്റി വിതയറക്കാൻ 40 ദിവസത്തോളം വേണം.
# ഓഗസ്റ്റ് ആദ്യ ആഴ്ച പമ്പിംഗ് ആരംഭിച്ചാലേ തുലാം മദ്ധ്യത്തിലോ, അവസാനമോ വിതയിറക്കാനാകൂ. നെഹ്‌റു ട്രോഫി വള്ളംകളിക്ക് പാടശേഖരക്കാരിൽ നിന്ന് പിരിവ് വാങ്ങാനാണ് ലേലം വൈകിക്കുന്നതെന്ന
ആക്ഷേപവും കർഷകർ ഉന്നയിക്കുന്നുണ്ട്
ലേലത്തിൽ പങ്കെടുക്കാനെത്തുന്ന പാടശേഖരക്കാർക്ക് വള്ളംകളി ടിക്കറ്റ് വിറ്റഴിക്കാനാണ് ലേലം നീട്ടികൊണ്ടുപോകുന്നത്. പിരിവു നൽകാൻ തയാറാണ്. ലേലം നടത്തി പമ്പിംഗിന് അനുമതി നൽകിയശേഷം പിരിവ് വാങ്ങാൻ തയ്യാറായാൽ ദുരിതം ഒഴിവാക്കാനും കൃഷി സുഗമമാക്കാനും കഴിയും
- സോണിച്ചൻ പുളുങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |