ആലപ്പുഴ: മുട്ടപ്രേമികളെയും ജിമ്മന്മാരെയും നിരാശയിലാക്കി കോഴിമുട്ട വിലയിൽ കുതിച്ചുചാട്ടം. കുടുംബ ബഡ്ജറ്റിനെ തന്നെ താളം തെറ്റിക്കുന്ന വിധത്തിലാണ് വർദ്ധന. മൂന്നുരൂപ വരെയാണ് വിലകൂടിയത്. ഒരുമാസം മുമ്പ് വരെ ചില്ലറവിൽപ്പനയിൽ ആറുരൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോൾ
ഒമ്പത് രൂപ കൊടുക്കണം. മുട്ടയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്നാട്ടിലെ നാമക്കൽ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്ത് മുട്ടയെത്തുന്നത്. ഉത്തരേന്ത്യയിലേക്കും വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി വർദ്ധിച്ചതും ഉത്പാദനച്ചെലവിലെ വർദ്ധനയുമാണ് മറ്റുകാരണങ്ങൾ.
കോഴിത്തീറ്റ വില കുതിച്ചയർന്നത് കർഷകരെ കോഴി വളർത്തലിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഒരുമാസത്തിനിടെ 50 കിലോയുടെ ഒരുചാക്ക് തീറ്റയ്ക്ക് 200 രൂപ വരെയാണ് കൂടിയത്. ഇത് മുട്ടയുടെ ആഭ്യന്തര ഉത്പാദനത്തെ കാര്യമായി ബാധിച്ചു. കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകുന്ന തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ, പിന്നത്തേതാണ് ഫിനിഷർ. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടി വരും. കഴിഞ്ഞ മേയിൽ 2450 രൂപയായിരുന്ന പ്രീ സ്റ്റാർട്ടറിന് ഇപ്പോൾ 2640 ആണ് വില. 2400 രൂപയുണ്ടായിരുന്ന സ്റ്റാർട്ടറിന് 2640നും 2350 രൂപയുണ്ടായിരുന്ന ഫിനിഷറിന് 2500മാണ് നിലവിലെ വില.
ഒരുദിവസം 2 കോടി മുട്ട
# സംസ്ഥാനത്ത് ഒരുദിവസം വേണ്ടിവരുന്നത് രണ്ടുകോടി മുട്ട
# ഇതിന്റെ 40 ശതമാനം കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്
# ട്രോളിംഗ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതും അദ്ധ്യയന വർഷം ആരംഭിച്ചതും മുട്ടയുടെ ആവശ്യം കൂട്ടി
#സ്കൂളുകളിലും അങ്കണവാടികളിലും ഉൾപ്പടെ മുട്ടയുടെ ഉപയോഗം കൂടിയത് വില വർദ്ധനയ്ക്ക് ഇടയാക്കി
#തമിഴ് നാട്ടിലെ നാമക്കലിൽ നിന്ന് ദിവസേന 50 ലക്ഷത്തോളം മുട്ടയാണ് കേരളത്തിലെത്തുന്നത്
# ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത ചൂട് കാരണം കോഴികൾ ചത്തൊടുങ്ങിയത് ഉത്പാദനം കുറയാൻ കാരണമായി
# ഇന്ധന വില വർദ്ധിച്ചതോടെ ഗതാഗതച്ചെലവും കൂടി
മുട്ടവില
(മുമ്പ്, നിലവിൽ)
നാടൻ : 8- 10
വരവ് : 6- 9
താറാവ് : 12- 15
മുട്ടവില ഇനിയും ഉയരാനാണ് സാദ്ധ്യത. വില പിടിച്ചുനിറുത്താൻ സർക്കാർ തലത്തിൽ ഇടപെടലുകൾ വേണം. മേഖലയെ കൃഷിയായി കണ്ട് വേണ്ട നടപടികൾ സ്വീകരിക്കണം
-എസ്.കെ. നസീർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഓൾ കേരള പൗൾട്രി ഫെഡറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |