ആലപ്പുഴ: പുഞ്ചകൃഷിയ്ക്ക് നിലം ഒരുക്കാൻ ചിങ്ങം ഒന്നിന് പമ്പിംഗ് ആരംഭിക്കാനിരിക്കെ പണമില്ലാതെ വലഞ്ഞ് കുട്ടനാട്ടിലെ കർഷകർ. രണ്ടാം കൃഷിയുടെ നെല്ലിന്റെ വില കുടിശ്ശികയായി തുടരുന്നതാണ് കാരണം.
പുഞ്ച കൃഷിയ്ക്ക് പാടം ഒരുക്കുന്നതിനുള്ള പമ്പിംഗിന്റെ ഭാഗമായി മോട്ടോർ വാടക, എത്തിക്കുന്ന വാഹനത്തിന്റെ കൂലി. ചങ്ങാടചെലവ്, കെ.എസ്.ഇ.ബിയുടെഫീസ്, പൊതുമട കുത്തൽ, ബണ്ട് ബലപ്പെടുത്തൽ, പെട്ടി ഉറപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നല്ലൊരുതുക കർഷകന് ചെലവ് വരും. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് പമ്പിംഗിനുള്ള സർക്കാർ നിരക്കിൽ ഏറ്രവും ഒടുവിൽ വർദ്ധനയുണ്ടായത്. ഓരോ സീസണിലും രണ്ട് വിളകളും കഴിഞ്ഞ് അടുത്ത സീസൺ ആരംഭിക്കുമ്പോൾ തൊട്ടുമുമ്പത്തെ സീസണിലെ പണം അനുവദിക്കുന്നതാണ് കീഴ്വവഴക്കം. കഴിഞ്ഞവർഷം കൂലി വർദ്ധന കൂടി നടപ്പിലായതോടെ 1500 മുതൽ 4000 രൂപവരെ കർഷകർക്ക് അധിക ചെലവ് വേണ്ടിവരുന്നുണ്ട്. പമ്പിംഗ് ആവശ്യമായ 600 ഓളം പാടശേഖരങ്ങളാണ് കുട്ടനാട്ടിലുള്ളത്. ഇപ്പോഴത്തെ കണക്ക് പ്രകാരം പാടങ്ങൾക്ക് 2500രൂപയും കായൽ നിലങ്ങൾക്ക് 3500 രൂപയുമായി പമ്പിംഗ് സബ് സിഡി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം. ആഗസ്റ്റ് അവസാനം പാടങ്ങളിൽ പെട്ടിയും അറയും സ്ഥാപിച്ചാൽ മാത്രമേ ഒരുമാസത്തെ പമ്പിംഗിന് ശേഷം സെപ്തംബർ അവസാനമോ ഒക്ടോബർ ആദ്യമോ വിത സാദ്ധ്യമാകൂ.
നെൽകൃഷി ഇന്ന് അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗുണമേന്മയുള്ള വിത്ത്, മണ്ണിന്റെ അമ്ലത കുറയ്ക്കാൻ ആവശ്യമായ കക്കാ, ഡോളോമൈറ്റ് തുടങ്ങിയവയും ലഭ്യമല്ലാത്ത സ്ഥിതിവിശേഷമാണുള്ളത്. രാസവളങ്ങളുടെ വില കുത്തനെ ഉയർന്നതിനൊപ്പം അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും സങ്കീർണമാക്കി.
നിരക്ക് കൂട്ടിയിട്ട് 13 വർഷം
13വർഷം മുമ്പ് നിശ്ചയിച്ച പമ്പിംഗിന്റെ നിരക്ക് പരിഷ്കരിക്കാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല
പാടശേഖരങ്ങൾക്ക് ഒരു ഏക്കറിന് 1800രൂപയും കായൽ നിലത്തിന് 2500 രൂപയുമാണ് നിലവിലെ നിരക്ക്
കൂലിച്ചെലവിലും ഇന്ധനവിലയിലും പല തവണ വർദ്ധനയുണ്ടായിട്ടും 13 വർഷത്തിനിടെ നയാ പൈസ കൂട്ടിയില്ല
പമ്പിംഗ് സബ്സിഡിയായി അനുവദിക്കുന്ന തുക യഥാസമയം നൽകാനും സംവിധാനമില്ല
പമ്പിംഗ് സബ്സിഡിയിൽ കാലോചിതമായ പരിഷ്കാരം നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും നെൽകൃഷിയുടെ നിലനിൽപ്പും ഉറപ്പാക്കാൻ കർഷകർ സ്വമേധയാ രൂപീകരിച്ച പാടശേഖര സമിതികൾ ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളല്ല
- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |