SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

പി.കെ.കാളൻ ഭവനപദ്ധതിയിൽ ഉന്നതതല അന്വേഷണം

ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ പി.കെ.കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തര അന്വേഷണം നടത്താൻ മന്ത്രി കെ.എം.ഷാജി ഉത്തരവിട്ടു. പുന്നപ്ര, മാരാരിക്കുളം, മണ്ണഞ്ചേരി, ആര്യാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെയും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെയും നിർമ്മാണ പ്രവർത്തനങ്ങളിലാണ് ക്രമക്കേട് ആരോപിക്കപ്പെട്ടിട്ടുള്ളത്.

പദ്ധതിയുടെ ടെൻഡർ നടപടികൾ മുതൽ നിർമ്മാണനിർവഹണം വരെയുള്ള മുഴുവൻ ഘട്ടങ്ങളും പുനഃപരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി എൻ.ടി.ലീനയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയമിച്ചു. നിർമ്മാണത്തിന്റെ ഗുണനിലവാരവും നാശനഷ്ടങ്ങളും കൃത്യമായി വിലയിരുത്തുന്നതിനായി സിവിൽ എൻജിനീയറിംഗ് അല്ലെങ്കിൽ സ്ട്രക്ചറൽ വിദഗ്ദ്ധരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും. സമിതി അന്വേഷണം പൂർത്തിയാക്കി 30 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം.സമാന പദ്ധതി മറ്റ് ജില്ലകളിൽ എതെങ്കിലും പേരുകളിൽ നടപ്പാക്കിയിട്ടുണ്ടെങ്കിൽ അവയും അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിന്റെ റിപ്പോർട്ട് മൂന്ന് മാസത്തിനകം പ്രത്യേകം സമർപ്പിക്കാനും നിർദ്ദേശമുണ്ട്.

പട്ടികവർഗ കുടുംബങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീമിഷൻ മുഖേന നടപ്പാക്കിയ പി.കെ.കാളൻ പദ്ധതിയിൽ ഫണ്ട് തിരിമറിയും നിർമ്മാണത്തിലെ അപാകതകളും മൂലം അർഹരായ നിരവധി പേർക്ക് വാസയോഗ്യമായ വീടുകൾ ലഭിച്ചിട്ടില്ല. അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച വീടുകളുടെ അടിത്തറ ഇളകുകയും, ഭിത്തികൾ വിണ്ടുകീറുകയും ചെയ്തതായും പരാതിയുണ്ട്. പല വീടുകളും താമസയോഗ്യമല്ലെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടു. ക്രമക്കേടുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരായ എസ്.ടി പ്രമോട്ടർമാരിൽ നിന്നും മറ്റ് ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് തെളിവെടുപ്പ് നടത്തിവരികയാണ്.

30 ദിവസത്തിനകം റിപ്പോർട്ട് നൽകണം

 കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്

 ആര്യാട്, മണ്ണഞ്ചേരി, സൗത്ത് മാരാരിക്കുളം, മാരാരിക്കുളം നോർത്ത്, ആലപ്പുഴ നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്

 വീടുകളുടെ നിർമ്മാണത്തോടൊപ്പം, നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികളും മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു

 അന്വേഷണം പൂർത്തിയാക്കി 30 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം

 ടെൻഡർ നടപടികൾ മുതൽ നിർമ്മാണനിർവഹണം വരെയുള്ള ഘട്ടങ്ങൾ പരിശോധിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL