കോലഞ്ചേരി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കാൻ പൊതുജനപങ്കാളിത്തം ഉറപ്പാക്കി സി വിജിൽ ആപ്പ് സജീവമാകുന്നു. ചട്ടലംഘനങ്ങൾ കണ്ടെത്തി തത്ക്ഷണം അധികൃതരെ അറിയിക്കാവുന്ന ഈ മൊബൈൽ സംവിധാനം വോട്ടർമാരുടെ പ്രധാന ആയുധമായി മാറിക്കഴിഞ്ഞു. ജില്ലയിൽ സി വിജിൽ വഴിയുള്ള പരാതികൾ പ്രതീക്ഷകൾക്കപ്പുറം വർദ്ധിക്കുകയാണ്.
ഫോട്ടോയും വീഡിയോയും സഹിതം നേരിട്ട് പരാതി നൽകാവുന്ന ആപ്പിലെ വിവരങ്ങൾ ഉടൻ ജില്ലാ ഭരണകൂടത്തിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറും. പരാതി ലഭിച്ച് 5 മിനിറ്റിനകം അന്വേഷണം ആരംഭിക്കണമെന്നാണ് കർശന നിർദ്ദേശം. പരാതി ലഭിച്ചാലുടൻ ഇൻവെസ്റ്റിഗേറ്റിംഗ് സ്‌ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തും.
തുടർന്ന് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിനും ഫ്ലൈയിംഗ് സ്‌ക്വാഡുകൾക്കും തുടർനടപടികൾക്ക് നിർദ്ദേശം നൽകും. ബാനറുകൾ, പോസ്റ്ററുകൾ, അനധികൃത പ്രചാരണ സാമഗ്രികൾ, പണം, മദ്യ വിതരണം, അനുമതിയില്ലാത്ത യോഗങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ജില്ലാതല പരാതികളുടെ കണക്ക് (ഏകദേശ വിലയിരുത്തൽ)
ആകെ ലഭിച്ച പരാതികൾ: 1,200 ലധികം
ശരിവെച്ച കേസുകൾ: 850 ലധികം
നടപടി പൂർത്തിയാക്കിയത്: 800 ലധികം
പരിഗണനയിലുള്ളത്: 100-150
(കണക്കുകൾ തിരഞ്ഞെടുപ്പ് നിയന്ത്രണ മുറികളുടെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ)
സി വിജിൽ വഴി ലഭിക്കുന്ന പരാതികൾക്ക് ത്വരിതഗതിയിലുള്ള പ്രതികരണം ലഭിക്കുന്നതോടെ പൊതുജനങ്ങളിൽ വിശ്വാസം വർദ്ധിച്ചിരിക്കുകയാണ്. പാർട്ടികൾക്കും മുന്നണികൾക്കും ഇത് വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ചട്ടലംഘനങ്ങളെല്ലാം പിടിക്കപ്പെടുന്നുവെന്നും ഇപ്പോൾ ഓരോ വോട്ടറും നിരീക്ഷകനായി മാറിക്കഴിഞ്ഞെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
പൊതുജനങ്ങൾ സജീവമാകുമ്പോൾ തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യവും വിശ്വാസയോഗ്യവുമായി മാറും എന്നതിന്റെ മികച്ച ഉദാഹരണമായി സി വിജിൽ മാറിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |