SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.45 PM IST

സ്പാനിഷ് തിരമാലയിൽ അലിഞ്ഞ് കൊച്ചി

spanish

കൊച്ചി: ഒരുവശത്ത് സ്പാനിഷ് വസന്തത്തിന്റെ ആനന്ദനൃത്തം, മറുവശത്ത് അർജന്റീനിയൻ നെഞ്ചകങ്ങളിൽ പടർന്ന കണ്ണീർക്കടൽ! ഫിഫ ലോകകപ്പ് ഫൈനലിന്റെ അതിവൈകാരികമായ ആവേശക്കടലിൽ കൊച്ചി നഗരം പൂർണമായും അലിഞ്ഞുചേർന്നു. കളി അവസാനിച്ച നിമിഷം മുതൽ എറണാകുളത്തെ തെരുവുകൾ സ്പാനിഷ് ആരാധകർ കീഴടക്കി. ചുവപ്പും മഞ്ഞയും കലർന്ന കൊടികൾ ഉയർത്തിയും ചെണ്ടമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം വച്ചും പടക്കങ്ങൾ പൊട്ടിച്ചും അവർ വിജയക്കൊടുമുടിയേറി. അർജന്റീന ആരാധകരുടെ ഹൃദയം തകരുന്ന കാഴ്ചയായിരുന്നു എങ്ങും.

ടിവി സ്‌ക്രീനുകൾക്ക് മുന്നിലും മൊബൈൽ ഫോണുകളിലെ തത്സമയ സംപ്രേഷണത്തിന് മുന്നിലും ശ്വാസമടക്കിപ്പിടിച്ചിരുന്നവർക്ക് പുറമെയാണ് ജനങ്ങൾ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കലൂർ കറുകപ്പള്ളി, എറണാകുളം ടൗൺഹാൾ, കളമശേരി ടൗൺഹാൾ, ലുലു മാൾ, ഫോറം മാൾ, ഫോർട്ട് കൊച്ചി തുടങ്ങി വിവിധ ഇടങ്ങളിൽ സ്വകാര്യ കമ്പനികളും വായനശാലകളും തദ്ദേശ സ്ഥാപനങ്ങളും ഒരുക്കിയ ബിഗ് സ്‌ക്രീനുകൾക്ക് മുന്നിലേക്ക് ആയിരങ്ങളാണ് എത്തിച്ചേർന്നത്. മത്സരത്തിന് മുന്നോടിയായി സ്‌ക്രീനിൽ മെസിയുടെ ചിത്രം തെളിഞ്ഞപ്പോൾ അർജന്റീന ആരാധകർ ആർപ്പുവിളികളോടെ സ്റ്റേഡിയം പ്രതീതി സൃഷ്ടിച്ചു. സ്പാനിഷ് താരങ്ങൾ എത്തിയതോടെ സ്‌പെയിൻ ഫാൻസും വിട്ടുകൊടുത്തില്ല. നിശ്ചിത സമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം നെഞ്ചിടിപ്പേറിയ അധിക സമയത്തേക്ക് നീണ്ടു.

ഒടുവിൽ അധികസമയത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് അർജന്റീനയുടെ വല കുലുക്കിയതോടെ ബിഗ് സ്‌ക്രീനുകൾക്ക് മുന്നിൽ നടുക്കുന്ന നിശബ്ദതയും അതിനുപിന്നാലെ അണപൊട്ടിയ സ്പാനിഷ് ആവേശവും അലയടിച്ചു. അർജന്റീന ആരാധകർ തലയിൽ കൈവച്ച് നിന്നപ്പോൾ സ്‌പെയിൻ ഫാൻസ് തുള്ളിച്ചാടി ആകാശത്തേക്ക് കൊടികളുയർത്തി. അവസാന വിസിൽ മുഴങ്ങിയതോടെ അർജന്റീന ക്യാമ്പുകൾ ശോകമൂകമായി. പ്രതീക്ഷകളുടെ കൊടുമുടിയിൽ നിന്ന് പരാജയത്തിലേക്ക് വീണതോടെ പല അർജന്റീന ആരാധകരും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. അർജന്റീനയുടെ ഈ തോൽവി സ്വന്തം വിജയം പോലെ ആഘോഷമാക്കാൻ ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് ആരാധകരും തെരുവിലിറങ്ങി. സ്‌പെയിൻ ആരാധകർക്കൊപ്പം ചേർന്ന് അവർ കൊച്ചിയിലെ ആഘോഷരാവിന് വീര്യം കൂട്ടി. മറക്കാനാവാത്ത ഫുട്ബാൾ രാത്രിയ്ക്കാണ് എറണാകുളം സാക്ഷ്യം വഹിച്ചത്.

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച അർജന്റീനയെയല്ല ഫൈനലിൽ കണ്ടത്. പതിവ് ആത്മവിശ്വാസവും ആക്രമണവും കുറവായിരുന്നു. പ്രത്യേകിച്ച് മെസി, ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ് എന്നിവരിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ചതു പോലെ യഥാർത്ഥ മികവ് പുറത്തുവന്നില്ല.

സ്‌പെയിൻ വളരെ അച്ചടക്കത്തോടെയും മികച്ച ടീം വർക്കോടെയും കളിച്ചു. ഗോൾ നേടിയ ഫെറാൻ ടോറസിനെ കൂടാതെ ലാമിൻ യമാൽ, പെഡ്രി, നിക്കോ വില്യംസ് തുടങ്ങിയ താരങ്ങളും സ്‌പെയിനിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

ശ്രീനന്ദ
എസ്.ടി.ഡി -9
നിർമ്മല എച്ച്.എസ്.എസ്
ആലുവ

തിങ്കളാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചപ്പോൾ ഫൈനൽ കാണണമെന്ന് ഉറപ്പിച്ചിരുന്നു. പോർച്ചുഗൽ ആരാധികയായ എനിക്ക് സ്പെയിൻ ജയിക്കണമെന്നായിരുന്നു ആഗ്രഹം. അത്രയും ശക്തമായ ടീമിനോടാണ് പോർച്ചുഗൽ തോറ്റതെന്ന സമാധാനത്തിന് വേണ്ടിയായിരുന്നു അത്. ഫുട്ബാളിനെക്കുറിച്ച് വലിയ അറിവില്ലാത്തതിനാൽ പല കാര്യങ്ങളും ചേട്ടനോട് ചോദിച്ചാണ് മനസിലാക്കിയത്. 106-ാം മിനിറ്റിൽ സ്പെയിൻ താരം ഫെറാൻ ടോറസ് ഗോൾ നേടിയപ്പോൾ സന്തോഷത്തിൽ മതിമറന്നു.
പി.എ. റിയ
സെന്റ് സെബാസ്റ്റ്യൻസ്

എച്ച്.എസ്.എൽ.പി.എസ്,​
ഗോതുരുത്ത്

ഫൈനൽ ആകാംക്ഷയോടെ കാത്തിരുന്നതാണ്. അമ്മ സ്‌പെഷ്യലായി ഉണ്ടാക്കിയ കോഴിക്കറി കൂട്ടി അത്താഴം കഴിച്ച് നേരത്തെ ഉറങ്ങി. 12.30ന് അലാറം അടിച്ചയുടൻ ചാടിയെഴുന്നേറ്റ് അച്ഛനൊപ്പമാണ് കളികണ്ടത്. സ്‌പെയിന്റെ പോരാട്ടവീര്യം ഒരിക്കലും മറക്കാനാവില്ല. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ഗോൾ നേടിയപ്പോൾ ചാടി തുള്ളുകയായിരുന്നു. തോറ്റെങ്കിലും പോരാടി വീണ അർജന്റീനയോടും ബഹുമാനം തോന്നി. മെസിയുടെ കണ്ണീർ മറക്കാനാവില്ല

കീർത്തന

പ്ലസ്‌ വൺ

ഇടപ്പള്ളി ഗവ. എച്ച്‌.എസ്‌.എസ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL