SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.44 PM IST

കൊച്ചി റിഫൈനറിക്ക് മുന്നിൽ കുട കൊണ്ട് അടി: ഒടുവിൽ യുവതിക്ക് ‘പിടി ’വീണു

crime

കൊച്ചി: അമ്പലമേട് റിഫൈനറിക്ക് മുന്നിൽ കരാർ തൊഴിലാളിയെ കുട കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്ത സഹപ്രവർ‌ത്തകയ്ക്ക് ഒടുവിൽ പിടിവീണു. അടിയേറ്റ് കണ്ണട തകരുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്ത തൊഴിലാളി പരാതിയിൽ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം അമ്പലമേട് പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ തൃക്കാക്കര എ.സി.പിയ്ക്ക് മുന്നിൽ ഹാജരായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 അടിയേറ്റത് കള്ളസാക്ഷി പറയാത്തതിന്

യുവതിയും ഭർത്താവും റിഫൈനറിയിലെ കരാർ തൊഴിലാളികളാണ്. ഇവരുടെ അയൽവാസി കൂടിയായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളിയിൽ താമസിക്കുന്ന മാമല സ്വദേശിയായ 48കാരനെയാണ് ജൂൺ 10ന് ഉച്ചയ്ക്ക് യുവതി മുഖത്തടിച്ചതും ജാതി പറഞ്ഞ് അധിക്ഷേപിച്ചതും. അയൽക്കാരായ യുവാക്കൾക്കെതിരെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ യുവതിയും ഭർത്താവും നൽകിയ പരാതിയിൽ ദമ്പതികൾക്ക് അനുകൂലമായി കരാർ തൊഴിലാളി പൊലീസിന് മൊഴി നൽകാതിരുന്നതാണ് പ്രകോപന കാരണം. യുവതിയും ഭർത്താവും കള്ളസാക്ഷി പറയാൻ സമീപിച്ചിരുന്നതായി അടിയേറ്റ തൊഴിലാളി പറയുന്നു.

അടി നടന്നത് മോർണിംഗ് ഷിഫ്റ്റ് കഴിഞ്ഞപ്പോൾ

രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് റിഫൈനറിയുടെ ഐ.ആർ.ഇ. പി ഗേറ്റിന് സമീപം പാർക്കിംഗ് മേഖലയിൽ നിൽക്കുമ്പോഴാണ് അടിയേറ്റത്. കുട ഉപയോഗിച്ച് നിരവധി തവണ മുഖത്തടിച്ചു. അടിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘താൻ ഇവിടെ ജോലി ചെയ്യുന്നത് ഇനി കാണണം’ എന്നു പറഞ്ഞ് അടി തുട‌ർന്നു. ഇതിനിടെയായിരുന്നു ജാതി പറഞ്ഞ് അധിക്ഷേപിച്ചതും അസഭ്യം ചൊരിഞ്ഞതും. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടും അറസ്റ്റ് വൈകി. ഇതിനിടെ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് യുവതി പൊലീസിന് മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യവ്യസ്ഥകൾ പ്രകാരം യുവതിയെ വിട്ടയച്ചതായി എ.സി.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL