
അദ്ധ്യാപകർ സെൻസസ്ഡ്യൂട്ടിയിൽ
കൊച്ചി: ഓണപ്പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ശേഷിക്കെ പാഠഭാഗങ്ങൾ തീർക്കാനാകാതെ അദ്ധ്യാപകർ ഓട്ടപ്രദക്ഷിണത്തിൽ. അദ്ധ്യാപകരെ വ്യാപകമായി സെൻസസ് ഡ്യൂട്ടിക്കും സബ്ജക്ട് ട്രെയിനിംഗിനും നിയോഗിച്ചതോടെ വിദ്യാലയങ്ങളിൽ അദ്ധ്യായനം പൂർണമായും താളംതെറ്റിയ അവസ്ഥയിലാണ്. അദ്ധ്യായന സമയം നഷ്ടപ്പെടുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആരോപിച്ചു. നിലവിൽ സെൻസസ് ഡ്യൂട്ടിയില്ലാത്ത അദ്ധ്യാപകർ വൈകുന്നേരങ്ങളിൽ സ്പെഷ്യൽ ക്ലാസുകളെടുത്താണ് പാഠഭാഗങ്ങൾ തീർക്കാൻ ശ്രമിക്കുന്നത്. വരുംദിവസങ്ങളിലെ വാരാന്ത്യങ്ങളിലും (ശനി, ഞായർ) പ്രത്യേക ക്ലാസുകൾ നടത്തേണ്ടിവരുമെന്ന് അദ്ധ്യാപകർ പറയുന്നു.
പ്രൈമറിതലം പ്രതിസന്ധിയിൽ
പല വിദ്യാലയങ്ങളിലും 50 ശതമാനത്തിലധികം അദ്ധ്യാപകരാണ് സെൻസസ് ചുമതലകളിലേക്ക് പോയിരിക്കുന്നത്. ഇവിടങ്ങളിൽ ക്ലാസുകളെടുക്കാൻ അദ്ധ്യാപകരില്ല. താത്കാലിക അദ്ധ്യാപകരെ നിയമിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് പരിഗണിച്ചില്ല. സെൻസസ് പ്രവർത്തനങ്ങൾക്കായി 10 ദിവസത്തെ ലീവ് അനുവദിച്ചിട്ടുള്ളതിനാൽ, ജൂലായിലെ 23 പ്രവൃത്തിദിനങ്ങളിൽ പത്തോളം ദിവസവും അദ്ധ്യാപകരില്ലാതെയാണ് ക്ലാസുകൾ മുന്നോട്ടുപോകുന്നത്. പ്രൈമറി വിദ്യാലയങ്ങളിലെ സ്ഥിതി അതീവഗുരുതരമാണ്.
ആഗസ്റ്റ് 13ന് തുടങ്ങും
അടുത്ത മാസം 13ന് ആരംഭിക്കേണ്ട പാദവാർഷിക പരീക്ഷകൾ നിലവിലെ സാഹചര്യത്തിൽ അവതാളത്തിലാകാനാണ് സാദ്ധ്യത. പത്താം ക്ലാസിൽ ആദ്യ മാസങ്ങളിൽ തന്നെ പഠനാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നു. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വിജയിക്കാൻ എല്ലാ വിഷയങ്ങൾക്കും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് (സി.ഇ മാർക്ക് കൂടാതെ 24 മാർക്ക്) വേണമെന്ന പുതിയ നിർദ്ദേശം നിലനിൽക്കുന്നു. കണക്ക്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ അദ്ധ്യാപകരില്ലാതെ സ്വയം പഠിച്ച് ഇത്രയും മാർക്ക് കണ്ടെത്തുന്നത് കുട്ടികൾക്ക് വലിയ വെല്ലുവിളിയാകും.
പ്ലസ് വൺ, പ്ലസ് ടുവിലും പ്രതിസന്ധി
സെൻസസ് ഡ്യൂട്ടിക്ക് മേൽനോട്ടവും ഡാറ്റാ പരിശോധനയും നടത്തേണ്ട ഹയർസെക്കൻഡറി അദ്ധ്യാപകർ കൂടി തിരക്കായതോടെ പ്ലസ് വൺ വിദ്യാർത്ഥികളുടെയും ക്ലാസുകൾ മുടങ്ങുന്നു. അദ്ധ്യാപകരുടെ കുറവ് കാരണം പല സ്കൂളുകളിലും ക്ലാസ് സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജൂലായ് 13 മുതൽ 17 വരെയും ജൂലായ് 20 മുതൽ 24 വരെയും പ്ലസ് വൺ ക്ലാസുകൾ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഉണ്ടായിരുന്നത്. അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിക്ക് പുറമേ വിഷയാധിഷ്ഠിത പരിശീലനവും ഉള്ളതിനാലാണ് ക്രമീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |