
കൊച്ചി: പതിവുപോലെ അനാഥ ജന്മങ്ങൾക്ക് വയറുനിറയെ ഭക്ഷണം നൽകി എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് വീട്ടിലേക്കു മടങ്ങാൻ ഓട്ടോയുടെ ഡ്രൈവർ സീറ്റിലേക്ക് കയറുമ്പോൾ സൽമയ്ക്കരികിലെത്തി പതിവില്ലാതെ പ്രിയചങ്ങാതിമാർ കരഞ്ഞു. നായ്ക്കളും പൂച്ചകളും മനോനില തെറ്റിയ മനുഷ്യരും ചങ്ങാതിക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതൊരു യാത്രഅയപ്പാണെന്ന് സ്റ്റാൻഡിലെ സഹപ്രവർത്തകർ കരുതിയില്ല. കഴിഞ്ഞദിവസം പള്ളുരുത്തി ശ്മശാനത്തിലെ ചിതയിലമർന്ന സൽമ ഗോപാലൻ എന്ന 47കാരിയുടെ ജീവിതം എന്നും നന്മയുടെ അതിവേഗപാതയിലായിരുന്നു. എവിടെനിന്ന് വന്നുവെന്നുപോലും സഹപ്രവർത്തകർക്ക് കൃത്യമായി അറിയാത്ത ഇവരെക്കുറിച്ച് പറയാൻ ഏവർക്കും നന്മകൾമാത്രം. വീട്ടിൽ കുഴഞ്ഞു വീണതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ച സൽമ ഏവർക്കും ജീവിതപാഠം. ചെമ്മീൻ ഫാക്ടറിയിൽ കഷ്ടപ്പാടനുഭവിച്ച രണ്ടു കുട്ടികളെ ദത്തെടുത്ത് മക്കളെ പോലെ വളർത്തി. ആന്ധ്ര സ്വദേശിനിയായ സുമിത്രയെ കെട്ടിച്ചയച്ചു. മലയാളിയായ മുബീന ഒപ്പമുണ്ട്. പള്ളുരുത്തിയിലെ കോളനിയിൽ വാടകവീട്ടിലാണ് താമസം. ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ഓട്ടോയിൽ നിന്നുകിട്ടുന്ന വരുമാനത്തിൽ വലിയൊരു വിഹിതം ജീവകാരുണ്യത്തിനായി മാറ്റിവച്ചു. ചങ്ങനാശേരി സ്വദേശിയാണെന്നല്ലാതെ സഹപ്രവർത്തകർക്ക് കൂടുതൽ വിവരങ്ങളില്ല. മൂന്നുവർഷം മുൻപാണ് ഓട്ടോയുമായി സ്റ്റാൻഡിൽ എത്തിയതെന്ന് സഹപ്രവർത്തകനായ സെൽവരാജ് പറഞ്ഞു.
ചങ്ങനാശേരിയിൽനിന്ന് ജോലി തേടി ഗൾഫിലും മുംബയിലും എത്തിയ സൽമ ഒടുവിൽ കൊച്ചിയിലെ മത്സ്യസംസ്‌കരണ മേഖലയിൽ തൊഴിലാളി ആവുകയായിരുന്നു. അവിടുത്തെ ചൂഷണങ്ങൾ കണ്ടാണ് രണ്ടു പെൺകുട്ടികളെ മക്കളായി കൂടെക്കൂട്ടിയത്. ജീവിക്കാനായി ഒടുവിൽ ഓട്ടോ ഡ്രൈവറായി. വരുമാനത്തിൽ നിന്ന് നിശ്ചിത വിഹിതം പാവപ്പെട്ട പെൺകുട്ടികൾക്കായി നീക്കിവച്ചു. ബുദ്ധിമുട്ടുകളാരോടും പറയാതെ റീലുകളിലും നാടൻ പാട്ടുകളിലും സജീവമായി. ഓർക്കാപ്പുറത്തെ വിയോഗം സഹപ്രവർത്തകർക്ക് വിശ്വസിക്കാനാകുന്നില്ല. ശ്മശാനത്തിൽ കാണാനൊന്നും ബാക്കിയില്ലെങ്കിലും കണ്ണീരോടെ എത്തുന്ന ഓരോരുത്തരും പറയുന്ന കഥകളിൽ നിറഞ്ഞുനിൽക്കുന്നു സൽമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |