
കാഞ്ഞങ്ങാട്:പ്രമാദമായ പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർഹാജി വധക്കേസിൽ ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (രണ്ട്) സമർപ്പിച്ചത് 1758 പേജുകള്ള കുറ്റപത്രം.അഞ്ചു പ്രതികൾക്കെതിരെ ഡി.സി ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ മാങ്ങാട്, കൂളിക്കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉവൈസ് എന്ന ഉബൈസ് ഭാര്യ ജിന്നുമ്മ എന്ന ഷമീന, പൂച്ചക്കാട്ടെ അസരീഫ, മധൂർ കൊല്യയിലെ ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ് സൈഫുദ്ദീൻ എന്നിവർക്കെതിരായ കേസിൽ 266 സാക്ഷി മൊഴികളും 1.46 ലക്ഷം ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. അഞ്ച് വാഹനങ്ങൾ, 137 പവൻ സ്വർണ്ണം എന്നിവയും അന്വേഷണ സംഘം കോടതിക്ക് മുന്നിൽ ഹാജരാക്കി. അറസ്റ്റിലായവരിൽ ആയിഷക്കു മാത്രമാണ് ജാമ്യം ലഭിച്ചത്. മറ്റു രണ്ടു പ്രതികളായ ഉവൈസ്, ഷമ്മാസ് എന്നിവർ ഗൾഫിലാണ്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി കെ.ജെ ജോൺസനൊപ്പം എസ്.ഐ ദിവാകരൻ, എ.എസ്.ഐ സുഭാഷ് തുടങ്ങിയവരും കുറ്റപത്രം സമർപ്പിക്കാൻ കോടതിയിൽ എത്തിയ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. 2023 ഏപ്രിൽ 14ന് രാത്രിയിലാണ് അബ്ദുൽ ഗഫൂർ ഹാജി കൊല്ലപ്പെട്ടത്.സാധാരണ മരണമെന്ന് കണക്കാക്കി കബറടക്കം നടത്തിയ മൃതദേഹം മകന്റെ പരാതിയെ തുടർന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്നു വ്യക്തമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |