കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം വിമതർക്ക് പിന്തുണ നൽകാനുള്ള യു.ഡി.എഫ് തീരുമാനത്തോട് നിസഹകരണവുമായി കോൺഗ്രസ് -ലീഗ് പ്രാദേശിക നേതൃത്വവും അണികളും. സി.പി.എം വിട്ട് ഇറങ്ങിയ നേതാക്കൾക്ക് സ്ഥാനാർഥിത്വവും പിന്തുണയും നൽകാനുള്ള നേതൃത്വത്തിന്റെ തീരുമാനം താഴെതട്ടിൽ നിരാശ സൃഷ്ടിക്കുന്നുവെന്നാണ് ഇവരിൽ പലരും പറയുന്നത്.
സി.പി.എമ്മിൽ നിന്ന് വിട്ടു വന്ന വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പയ്യന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. ആർ.എസ്.പിക്ക് നൽകിയിരുന്ന മട്ടന്നൂർ സീറ്റ് മാറ്റി പകരം കുഞ്ഞികൃഷ്ണനെ ആ ലേബലിൽ പയ്യന്നൂരിൽ ഇറക്കാനുള്ള ആലോചനയ്‌ക്കെതിരെ കോൺഗ്രസ് നേതൃനിരയ്ക്കിടയിലും ശക്തമായ എതിർപ്പിനിടയാക്കിയിട്ടുണ്ട്.
തളിപ്പറമ്പിൽ അതി സങ്കീർണം
തളിപ്പറമ്പിൽ സി.പി.എം. ഉപേക്ഷിച്ചെത്തിയ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാൻ നേതൃത്വം ആലോചിക്കുന്ന ഘട്ടത്തിൽ തന്നെ മണ്ഡലത്തിൽ നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന കെ.പി.സി.സി. അംഗം സ്വതന്ത്രനായി പത്രിക നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേതൃത്വം ഇടനിലക്കാർ മുഖേന ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
യൂത്ത് കോൺഗ്രസിൽ വൻ എതിർപ്പ്
കുഞ്ഞിക്കൃഷ്ണനെയും ടി.കെ.ഗോവിന്ദനെയും പിന്തുണക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സോഷ്യൽ മീഡിയയിൽ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ വരെ പാർട്ടിക്ക് നേരെ ആക്രമണം നടത്തിയവരെ ഇന്ന് ചുമലിലേറ്റുമ്പോൾ വർഷങ്ങൾ പ്രവർത്തിച്ചവരുടെ കണ്ണീർ കാണാതെ പോകരുതെന്നായിരുന്നു ഇതിന്റെ കാതൽ. പുതുതായി ചുവടുമാറി വരുന്നവർക്ക് നൽകുന്ന പരിഗണന ഉറ്റ അണികളുടെ അവകാശത്തിലേക്കുള്ള കടന്നുകയറ്റമാകരുതെന്നും കുറിപ്പിലുണ്ട്. യൂത്ത് ലീഗിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ടി.കെ.ഗോവിന്ദനെയും വി.കുഞ്ഞികൃഷ്ണനെയും പിന്തുണച്ച് എതിരാളികളുടെ കോട്ടകളിലേക്ക് കടന്നുകയറാനുള്ള നീക്കമാണിതെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.
കുറിപ്പിറക്കി കുഞ്ഞികൃഷ്ണൻ
മത്സരിക്കുന്നത് ആരോപണവിധേയനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതിനാൽ
പയ്യന്നൂർ: ഇന്നുവരെ ഒരു പൊതുതെരഞ്ഞെടുപ്പിലും മത്സരിക്കാൻ ആലോചിച്ചിട്ടില്ലാത്ത തനിക്ക് മത്സരത്തിനിറങ്ങേണ്ടി വന്നത് ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ വ്യക്തിയെ തന്നെ സി.പി.എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മൂലമെന്ന് പയ്യന്നൂരിൽ സ്ഥാനാർത്ഥിയാകുന്ന വി.കുഞ്ഞികൃഷ്ണൻ.
ഇത് ജനങ്ങളോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ തനിക്ക് ഒളിച്ചോടാൻ കഴിയില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള ഫണ്ട് ദുർവിനിയോഗ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സമരം ചെയ്യുകയായിരുന്നു താൻ. തെളിവ് സഹിതം കാര്യങ്ങൾ അവതരിപ്പിച്ചിട്ടും അഴിമതിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിനേതൃത്വം സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.ആളും അർത്ഥവും പരിമിതമാണെങ്കിലും കഴിയുന്നിടത്തെല്ലാം ജനങ്ങളോട് സത്യം വിളിച്ചുപറയുമെന്ന് കുഞ്ഞികൃഷ്ണൻ പത്രകുറിപ്പിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |