
കാസർകോട്: രണ്ടാംഘട്ട പട്ടികയിൽ കാസർകോട് നിയോജക മണ്ഡലത്തിൽ എം.എൽ.അശ്വിനിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആദ്യം മഞ്ചേശ്വരത്താണ് പാർട്ടി ജില്ലാപ്രസിഡന്റായ അശ്വിനിയുടെ പേര് പറഞ്ഞുകേട്ടിരുന്നത്. ഒന്നാമത്തെ പട്ടികയിൽ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കുകയും കാസർകോട് മണ്ഡലം ഒഴിച്ചിടുകയും ചെയ്തതോടെയാണ് ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായത്.
സംസ്ഥാന സെക്രട്ടറി അഡ്വ.കെശ്രീകാന്തിന്റെ പേരും കാസർകോട്ട് പരിഗണനയ്ക്ക് അയച്ചിരുന്നു. ഇതേ തുടർന്നാണ് ദേശീയ നേതൃത്വത്തിന് ആദ്യഘട്ടത്തിൽ ധാരണയിൽ എത്താൻ കഴിയാതെ പോയത്.
2019ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ എം.എൽ.അശ്വിനിയായിരുന്നു സ്ഥാനാർത്ഥി. 2025 ജനുവരിയിലാണ് അശ്വിനി ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റത്.
2020-ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതി അംഗവുമാണ്. നിരവധി ഭാഷകളിൽ പരിജ്ഞാനവുമുണ്ട്.
ബാംഗ്ളൂർ സ്വദേശികളായ ലക്ഷ്മൺ - രേവതി ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്തവളായിട്ടാണ് അശ്വിനി മഞ്ചേശ്വരം വോർക്കാടി സ്വദേശി പി.ശശിധരയുമായുള്ള വിവാഹം ശേഷം സെന്റ് മേരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നഴ്സറി അദ്ധ്യാപിക ആയി ജോലി ചെയ്തു വരുന്നതിനിടെയാണ് ബി.ജെ.പിയിൽ പ്രവർത്തനം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |