SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

വിധിയെഴുത്തിന് മണിക്കൂറുകൾ;  നിലനിർത്തണം, കടന്നുകയറണം

Increase Font Size Decrease Font Size Print Page
cm

കണ്ണൂർ: ഇടതിന്റെ ഉരുക്കുകോട്ടയായി കണക്കാക്കപ്പെടുന്ന കണ്ണൂർ ജില്ല കൂടുതൽ ചുവക്കുമോ ,ആഭ്യന്തര തർക്കം വിള്ളൽ വീഴുത്തുമോയെന്നതാണ് മണിക്കൂറുകൾ ബാക്കി നിൽക്കെയുള്ള ചോദ്യം.
പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ തുടങ്ങിയ 11 നിയമസഭ മണ്ഡലങ്ങളിൽ ഒൻപതും നിലവിൽ എൽ.ഡി.എഫിനൊപ്പമാണ്.ഏറ്റവുമൊടുവിൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന അനുസരിച്ച് എൽ.ഡി.എഫ് ജില്ലയിൽ വെല്ലുവിളി നേരിടുന്നുണ്ട്.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന സ്റ്റാർ മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. കെ.പി.സി.സി. പ്രസിഡന്റും തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിലെ എം.എൽ.എയുമായ സണ്ണി ജോസഫ് തുടർച്ചയായ നാലാം ജയം ലക്ഷ്യമിടുമ്പോൾ എതിരാളി മുൻ ആരോഗ്യമന്ത്രിയും സി.പി.എമ്മിലെ ജനപ്രിയ മുഖവുമായ കെ.കെ. ശൈലജയാണ്.ജില്ലാ ആസ്ഥാനത്തുള്ള കണ്ണൂർ മണ്ഡലത്തിൽ ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 2016ൽ 1,196 വോട്ടിനും 2021ൽ 1,745 വോട്ടിനും ജയിച്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ നേരിടുന്നത് കോൺഗ്രസിലെ മുൻ മേയർ ടി.ഒ.മോഹനനാണ്.
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ വിമതനായി മത്സരിക്കുന്ന തളിപ്പറമ്പും ഇക്കുറി സി.പി.എമ്മിനെ അഭിമാന മണ്ഡലങ്ങളിലൊന്നാണ്. എൽ.ഡി.എഫിന്റെ
ഉറച്ച കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും മുൻ നേതാക്കൾ തന്നെ യു.ഡി.എഫ്. പിന്തുണയോടെ രംഗത്തിറങ്ങുന്നത് സി.പി.എമ്മിന് ഇതുവരെ നേരിടാത്ത സമ്മർദ്ദമാണ് നൽകുന്നത്.
മട്ടന്നൂരിൽ കെ.കെ. ശൈലജ 2021ൽ 60,963 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കോട്ടയിൽ ഇക്കുറി യുവനേതാവ് വി.കെ.സനോജാണ് മത്സരിക്കുന്നത്. എം.വിജിൻ രണ്ടാംതവണ ജനവിധി തേടുന്ന കല്യാശ്ശേരി, മുഖ്യമന്ത്രി മൂന്നാംവട്ടം ഇറങ്ങുന്ന ധർമ്മടം ,കാരായി രാജൻ മത്സരിക്കുന്ന തലശ്ശേരി എന്നിവിടങ്ങളിൽ സി.പി.എമ്മിന് സമ്മർദ്ദങ്ങളില്ല. എന്നാൽ സിറ്റിംഗ് എം.എൽ.എ. കെ.വി.സുമേഷിനും കൂത്തുപറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പുതുമുഖ സ്ഥാനാർത്ഥി പി.കെ പ്രവീണിനും മുസ്ളീം ലീഗ് സ്ഥാനാർത്ഥികളായ അബ്ദുൽ കരീം ചേലേരിയും ജയന്തി രാജനും നല്ല മത്സരം നൽകുന്നുണ്ട്.

അതെ സമയം ജില്ലയിൽ കോൺഗ്രസ് കോട്ടയായ ഇരിക്കൂറിൽ

യു.ഡി.എഫും വലിയ സമ്മർദ്ദമില്ലാതെയാണ് മത്സരത്തെ നേരിടുന്നത്.

തീപ്പാറും ഈ മണ്ഡലങ്ങളിൽ


തളിപ്പറമ്പ്
സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി രംഗത്ത്. സി.പി.എമ്മിന്റെ പി.കെ.ശ്യാമള, കോൺഗ്രസ് വിമത സ്ഥാനാർത്ഥി കൊയ്യം ജനാർദ്ദനൻ,എൻ.ഡി.എയിലെ എൻ.ഹരിദാസൻ എന്നിവരും മൽസരരംഗത്ത്. 2021ൽ എം.വി.ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ മണ്ഡലം


പയ്യന്നൂർ
സിറ്റിംഗ് എം.എൽ.എ ടി.ഐ.മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണങ്ങളുമായി രംഗത്തുവന്ന വി.കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് സ്ഥാനാർത്ഥി. പാർട്ടി കോട്ടകളിൽ കുഞ്ഞികൃഷ്ണന്റെ സ്വാധീനം ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും എൽ.ഡി.എഫ് അട്ടിമറി ഭയക്കുന്നില്ല.


പേരാവൂർ
ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ.2006ൽ ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ച ശൈലജ 2011ൽ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു.


കണ്ണൂർ
ലോകസഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് മേൽക്കൈയുള്ള മണ്ഡലം. കെ.സുധാകരന്റെ സീറ്റ് തർക്കം ഉണ്ടാക്കിയ കോളിളക്കം ഇനിയും ശമിച്ചിട്ടില്ല. മുൻ മേയർ ടി.ഒ. മോഹനനാണ് യു.ഡി.എഫ് സ്ഥാനാർഥി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഹാട്രിക് ലക്ഷ്യമിടുന്നു.


അഴീക്കോട്

ലോകസഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലം. എൽ.ഡി.എഫ് സിറ്റിംഗ് എം.എൽ.എ കെ.വി.സുമേഷിന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരിം ചേലേരി

പ്രധാന എതിരാളി.


കൂത്തുപറമ്പ്
ആർ.ജെ.ഡിയിലെ പി.കെ.പ്രവീൺ ഇടതുസ്ഥാനാർത്ഥി. മുസ്ലിം ലീഗിലെ ജയന്തി രാജ് മുഖ്യ എതിരാളി. ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.