
പയ്യന്നൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കർശന നടപടി സ്വീകരിക്കാൻ ഇന്നലെ എ.ഡി.എം ഇൻ-ചാർജ് കെ.ബാലഗോപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം പോലീസിനോട് നിർദേശിച്ചു. നേതാക്കളെയോ സ്ഥാനാർത്ഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ പരാമർശങ്ങളോ നടത്താൻ പാടില്ലെന്ന് യോഗം രാഷ്ട്രീയപാർട്ടി പ്രതിനിധികളോട് അഭ്യർത്ഥിച്ചു.
സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാൻ പൊലീസ് പിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും.അക്രമം നടന്ന ഭാഗങ്ങളിൽ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി പെട്രോളിംഗ് കർശനമാക്കാനും തീരുമാനിച്ചു. അക്രമസംഭവങ്ങളെ അപലപിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വരും ദിവസങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിന് ഉറപ്പ് നൽകി.
പയ്യന്നൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡിവൈ.എസ്.പി ആർ.ഷൈജു, തഹസിൽദാർ ജി.സുരേഷ്ബാബു , പെരിങ്ങോം എസ്.എച്ച്.ഒ, കെ.കെ.മുകുന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി സത്യപാലൻ (സിപിഎം), കെ.ജയരാജ് (കോൺഗ്രസ്), സ്വതന്ത്ര സ്ഥാനാർത്ഥി വി.കുഞ്ഞികൃഷ്ണൻ , പനക്കീൽ ബാലകൃഷ്ണൻ (ബി.ജെ.പി), എസ്.എ.ഷുക്കൂർ ഹാജി (മുസ്ലിം ലീഗ്), കെ.വി.പത്മനാഭൻ (സി.പി.ഐ), പി.ജയൻ (കോൺഗ്രസ് എസ്), കെ.രാജൻ (കേരള കോൺഗ്രസ് ബി), പി.പി.സമീർ (ആർ.എസ്.പി.) തുടങ്ങിയവർ പങ്കെടുത്തു.
ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ മേഖലകളിൽ വിന്യസിക്കും:
പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പ്രശ്നമുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ വിന്യസിക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫ്ലൈയിങ്ങ് സ്ക്വാഡിന്റെ 15 വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ പ്രദേശത്ത് സ്റ്റാറ്റിക് ക്യാമറകളും സ്ഥാപിച്ച് പൂർണ്ണ നിരീക്ഷണത്തിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |