ആദ്യ റൗണ്ടിൽ തന്നെ ചിത്രം തെളിയും
ധർമടം, പേരാവൂർ, തളിപ്പറമ്പ്, പയ്യന്നൂർ ശ്രദ്ധാകേന്ദ്രം
കണ്ണൂർ: ജില്ലയിലെ 11 മണ്ഡലങ്ങളിലെ ജനവിധി ഇന്നറിയും. ഇന്നു രാവിലെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ റൗണ്ടുകൾ തന്നെ നിർണായകമാകും. 2021ൽ യു.ഡി.എഫ്. ജയിച്ച ഇരിക്കൂറും പേരാവൂരും ആദ്യ റൗണ്ടിൽ തന്നെ യു.ഡി.എഫിന്റെ മേധാവിത്വം പ്രകടമായിരുന്നു. മറ്റെല്ലായിടത്തും തുടക്കം മുതൽ എൽ.ഡി.എഫ്. ലീഡായിരുന്നു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയും ടി.കെ. ഗോവിന്ദനും തമ്മിലും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണനും തമ്മിലും നടന്ന പോരാട്ടത്തിന്റെ ഫലം ജില്ലയൊട്ടാകെ ആകാംക്ഷയോടെ ഉറ്റനോക്കുകയാണ്. അഴീക്കോടും കണ്ണൂരും കൂത്തുപറമ്പും പേരാവൂരും ഇക്കുറി ഒരേ അളവിൽ ആശങ്കയും പ്രതീക്ഷയും ഉണർത്തുന്നവയാണ്.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം കുറയുമോ എന്നതാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഇവിടെ അത്ഭുതം സൃഷ്ടിക്കാൻ തങ്ങൾക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദും പ്രവർത്തകരും. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, ധർമടം സീറ്റുകൾ എൽ.ഡി.എഫിന് അനുകൂലമായേക്കുമെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ. സണ്ണി ജോസഫിന്റെ കൈവശം ഉണ്ടായിരുന്ന പേരാവൂരിൽ കെ.കെ. ശൈലജ ഇത്തവണ ഇറങ്ങിയതോടെ ഫലം ഏതു ഭാഗത്തേക്ക് ചെരിയുമെന്ന് ഉറപ്പുപറയാൻ ഒരു മുന്നണിക്കും കഴിയുന്നില്ല.
മൂന്ന് കേന്ദ്രങ്ങളിൽ ഒരേ സമയം
ജില്ലയിലെ 11 മണ്ഡലങ്ങളിലെ 2,183 ബൂത്തുകളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക. പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളുടേത് തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളുടേത് ചാല ചിൻടെക്കിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടേത് തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിലും ഒരേസമയം നടക്കും.
ഇന്നു പുലർച്ചെ അഞ്ചിന് കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷനോടെ നടപടിക്രമങ്ങൾ ആരംഭിക്കും. രാവിലെ ആറിന് നിരീക്ഷകരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂമുകൾ തുറന്നശേഷം എട്ടോടെ പോസ്റ്റൽ ബാലറ്റ് എണ്ണൽ തുടങ്ങും.
മുഖ്യമന്ത്രി പിണറായിയിൽ,
സണ്ണി തിരുവനന്തപുരത്ത്
ഫലപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ, നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പമിരുന്ന് നിരീക്ഷിക്കും. 2021ലും മുഖ്യമന്ത്രി ഫലം വീക്ഷിച്ചത് പിണറായി കൺവൻഷൻ സെന്ററിൽ ഇരുന്നായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തിരുവനന്തപുരത്താണ്. കെ.പി.സിസി പ്രസിഡന്റ് സണ്ണി ജോസഫ് തിരുവനന്തപുരത്ത് ഇന്ദിരാഭവനിൽ വോട്ടെണ്ണൽ നിരീക്ഷിക്കും. ഉച്ചവരെ തിരുവനന്തപുരത്തു തുടർന്ന ശേഷം കണ്ണൂരിലേക്കു തിരിക്കുമെന്നാണ് വിവരം. കെ. സുധാകരൻ എം.പി. നടാലിലെ വീട്ടിൽ കാര്യങ്ങൾ വിലയിരുത്തും. വൈകുന്നേരത്തോടെ കണ്ണൂർ ഡി.സി.സിയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |