SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

ഫംഗസ് വൈവിദ്ധ്യങ്ങളുമായി ആറളം

ph-1
കോറൽ ഫംഗസുകൾ

കണ്ടെത്തിയത് 215 ഇനം കൂണുകൾ

കണ്ണൂർ: ഫംഗസ് ജൈവവൈവിദ്ധ്യത്തെ അടയാളപ്പെടുത്തി ആറളം. വനം - വന്യജീവി വകുപ്പും ആറളം വൈൽഡ്ലൈഫ് ഡിവിഷനും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയും സംയുക്തമായി നടത്തിയ രണ്ടാമത് മാക്രോഫംഗൽ സർവേയിലാണ് ആറളത്ത് 215 ഇനം കൂണുകൾ കണ്ടെത്തിയത്. ആറളം ശലഭസങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലാണ് സർവേ നടന്നത്. 19 മുതൽ 21 വരെ നടന്ന ത്രിദിന സർവേയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മൈക്കോളജിസ്റ്റുകൾ, ഗവേഷകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ഫോട്ടോഗ്രാഫർമാർ, കൂൺ പ്രേമികൾ എന്നിവരുൾപ്പെടെ മുപ്പതിലധികം പേർ പങ്കെടുത്തു.

ആറളം, കൊട്ടിയൂർ സങ്കേതങ്ങളിലായി വളയംചാൽ, മീൻമുട്ടി, കരിയൻകാപ്പ്, ചാവച്ചി, കൊട്ടിയൂർ, ചുള്ളിക്കണ്ടം, പരിപ്പുതോട് എന്നീ ഏഴ് ക്യാമ്പുകളിലായാണ് സർവേ നടത്തിയത്. വെള്ളത്തിനടിയിലെ പവിഴപ്പുറ്റുകളോട് സാമ്യമുള്ള ശാഖകളോടുകൂടിയ കോറൽ ഫംഗസുകൾ, നിരവധി ബോലെറ്റുകൾ, പോളിപോറുകൾ എന്നിവ കണ്ടെത്തി. ഇത് വന ആവാസവ്യവസ്ഥയുടെ സങ്കീർണ്ണതയെയും ആരോഗ്യത്തെയുമാണ് കാണിക്കുന്നത്. പ്രാണികളുടെ എണ്ണം സ്വാഭാവികമായി നിയന്ത്രിക്കുന്നതിലും ജൈവീക കീടനിയന്ത്രണത്തിലുള്ള ഇവയുടെ സാദ്ധ്യതകളിലും ശാസ്ത്രലോകത്തിന് വലിയ താല്പര്യമുള്ളവയാണ് ഈ ഫംഗസുകൾ.

ഗാനോഡെർമ, ട്രാമെറ്റസ് എന്നീ ഇനങ്ങളിൽപ്പെട്ട ഔഷധ ഗുണമുള്ള കൂണുകൾ കണ്ടെത്തിയതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും പോഷകഗുണമേറിയതുമായ ടെർമിറ്റോമൈസസ്, ഔഡെമാൻസിയെല്ല, ഫ്ളെബോപസ്, ഓറിക്കുലേറിയ എന്നിവയുൾപ്പെടെ 25-ഓളം ഭക്ഷ്യയോഗ്യമായ കൂണുകളും കണ്ടെത്തി.

മഷ്‌റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയിലെ മൈക്രോബയോളജിസ്റ്റ് എം.ടി ഹരികൃഷ്ണൻ, ഫോറൻസിക് സർജൻ ഡോ. ജിനു മുരളീധരൻ, ഗവേഷകരായ ഡോ. ശീതൾ ചൗധരി, ഡോ. ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. ജില്ലയിലെ വാക്ക് വിത്ത് വി.സി.എൻ.ജി.ഒയിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

സ്വയം പ്രകാശിക്കുന്ന കൂണുകളും

ഇരുട്ടിൽ നേരിയ വെളിച്ചം പുറപ്പെടുവിക്കുന്ന ഫിലോബോലെറ്റസ് ഇനത്തിൽപ്പെട്ട ബയോലുമിനസെന്റ് (സ്വയം പ്രകാശിക്കുന്ന) കൂണുകളെ കണ്ടെത്തിയതായിരുന്നു സർവേയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്ലാർക്കിൻഡ, ക്ലോറോഫില്ലം, ഗാലറിന, ഇനോസിബി എന്നീ ഇനങ്ങളിൽപ്പെട്ട മാരകമായ വിഷക്കൂണുകളും കണ്ടെത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AARALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL