SignIn
Kerala Kaumudi Online
Monday, 24 August 2026 1.24 AM IST

നാണിക്കുട്ടിയമ്മ കൃഷ്ണഗാഥാ പാരായണത്തിന് വയസ് 92

aadharam

പതിനൊന്നാം വയസിൽ തുടങ്ങിയ പാരായണം ഇപ്പോൾ 103ൽ

കണ്ണൂർ: ചിറക്കൽ ഗണപതിയാടൻ വീട്ടിലെ 103 വയസുകാരി നാണിക്കുട്ടിയമ്മ കൃഷ്ണപ്പാട്ട് ചൊല്ലാൻ തുടങ്ങിയത് പതിനൊന്നാം വയസിലായിരുന്നു. പൂഴിയിലെഴുതി അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം പഠിച്ചതും കൃഷ്ണഗാഥ.ഏകദേശം 92 വർഷത്തെ സാധനയാണ് ഈ മുത്തശ്ശിയ്ക്ക് ചിറക്കലിന്റെ മണ്ണിൽ പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കൃഷ്ണഗാഥയിലുള്ളത്.

രണ്ടാംവയസിൽ അമ്മയെ നഷ്ടമായി. മക്കളില്ലാത്ത ബന്ധുവിന്റെ വാത്സല്യത്തിലായിരുന്നു ബാല്യകാലം. ചിറക്കൽ രാജാസ് യു.പി.യിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചു.രണ്ട് കൂടപ്പിറപ്പുകളും മരിച്ചു.മൂന്ന് വർഷം മുമ്പാണ് കുടുംബാംഗങ്ങൾ നാണികുട്ടിയമ്മയുടെ നൂറാം പിറന്നാൾ ആഘോഷിച്ചത്.

ചെറുപ്പത്തിലേ നാവിൽ കയറിക്കൂടിയ കൃഷ്ണപ്പാട്ടിന്റെ വരികൾ മാത്രം നാണിക്കുട്ടിയമ്മയുടെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാർക്കൊപ്പം ചേർന്ന് ഇന്നും ഇവർ പാടുന്നു .

നാണിക്കുട്ടിയമ്മയെ തേടി ഇന്നലെ ചിറക്കൽ ചരിത്രപൈതൃക ക്ഷേത്രനഗരി അമ്മമാർ കൃഷ്ണഗാഥ കാവ്യാ അർച്ചനയുമായി എത്തി. സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് സപ്താഹ ആചാര്യ കടലായി ഗീതാ രാജന്റെ നേതൃത്വത്തിലായിരുന്നു അമ്മമാർ നാണിയമ്മയെ ആദരിച്ചത്.

ചിറക്കൽ കോലത്തിരി വലിയ രാജ സി.കെ.രാമവർമ്മ പൊന്നാടയണിയിച്ച് ആദരിച്ചു.സംഘവഴക്ക ഗവേഷണ പീഠം മെമന്റോ കെ.വി.സുമേഷ് എം.എൽ.എ സമ്മാനിച്ചു.പദ്മശ്രീ പ്രസാദും ഡോ.അജയകുമാറും ഷാൾ അണിയിച്ചു. ഡോ.എം.കെ.സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.വി.സുമേഷ് എം.എൽ.എയാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖഭാഷണം നടത്തി.


പരമ്പരാഗത കൃഷ്ണപ്പാട്ട് പാരായണം റെക്കോർഡ് ചെയ്യും

നാണിക്കുട്ടിയമ്മയെപ്പോലുള്ളവരുടെ തനത്് ശൈലിയിലുള്ള കൃഷ്ണപ്പാട്ട് പാരായണം റെക്കോർഡ് ചെയ്ത് ചെറുശ്ശേരി മ്യൂസിയത്തിൽ സൂക്ഷിക്കുമെന്ന് കെ.വി.സുമേഷ് എം.എൽ.എ ചടങ്ങിൽ പറഞ്ഞു. രണ്ട് കോടി രൂപ ചെലവിൽ കിഴക്കേക്കര മതിലകം ക്ഷേത്രത്തിൽ ചെറുശ്ശേരി മ്യൂസിയം, വൃന്ദാവന പദ്ധതി, ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ഒരു വർഷത്തിനുള്ളിൽ സ്മാരകം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL