കാസർകോട്: കാസർകോട് ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ അപരന്മാരുടെ തള്ളിക്കയറ്റം. നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ അപരന്മാരുടെ പത്രികകൾ സ്വീകരിക്കുകയും ചെയ്തു.
മഞ്ചേശ്വരം മണ്ഡലത്തിൽ നാല് അഷ്റഫുമാർ ജനവിധി തേടുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിംലീഗിലെ എ.കെ.എം അഷ്റഫിന് പകരക്കാരായി അതേപേരുള്ള മൂന്ന് സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. അവരിൽ എസ്.ഡി.പി ഐ സ്ഥാനാർത്ഥി കെ.എം അഷ്‌റഫ് ആണ് പ്രധാനി. ഇവർക്ക് സ്വന്തമായി വോട്ട് ബാങ്കുണ്ട്. എസ്.ഡി.പി.ഐ അഷ്‌റഫ് പിടിക്കുന്ന വോട്ടുകൾ മുഴുവൻ എ.കെ.എം അഷ്‌റഫിന്റെ പെട്ടിയിൽ വീഴുന്നവയാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളായി മുഹമ്മദ് അഷ്റഫും കെ.എ മുഹമ്മദ് അഷ്റഫും മത്സരിക്കുന്നു. അഷ്‌റഫുമാർ വോട്ടർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ കുഴങ്ങില്ല.
മഞ്ചേശ്വരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനുമുണ്ട് അപര ഭീഷണി. ഡി. സുരേന്ദ്രൻ നായരാണ് കെ. സുരേന്ദ്രന് ഭീഷണിയായി മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദര ഉണ്ടായിരുന്നു. അദ്ദേഹം ഇത്തവണ മത്സരരംഗത്തില്ല. ബി.എസ്.പിക്കു വേണ്ടി സഞ്ജീവ ആണ് ഇത്തവണ സ്ഥാനാർത്ഥി.
തൃക്കരിപ്പൂരിൽ സി.പി.എം സ്ഥാനാർത്ഥി വി.പി.പി മുസ്തഫയുടെ പേരിന് സമാനമായ മറ്റു രണ്ടുപേർ സ്ഥാനാർത്ഥികളാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.പി മുസ്തഫയും വി.പി മുസ്തഫയും. സന്ദീപ് വാര്യർക്കുമുണ്ട് അപരൻ. സന്ദീപ് എളാട്ട് എന്നയാളാണ് മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത്.
കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫിനുവേണ്ടി ഐ.എൻ.എൽ പൊതുസ്വതന്ത്രൻ ആയി മത്സരിക്കുന്ന ഷാനവാസ് പാദൂരിനുമുണ്ട് അതേ പേരിൽ അപരൻ. എ.എ ഷാനവാസ് എന്നയാളാണ് അപരനായി പത്രിക നൽകിയിരിക്കുന്നത്.
കോൺഗ്രസിന്റെത് നീചരാഷ്ട്രീയം: കെ. സുരേന്ദ്രൻ
മഞ്ചേശ്വരം മണ്ഡലത്തിൽ ഉന്നതനായ രാഷ്ട്രീയ നേതാവിനെ അപര സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് നീച രാഷ്ട്രീയം കളിക്കുകയാണെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കേട്ടുകേൾവി ഇല്ലാത്തവരെ അപരനായി മത്സരിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഒരു പ്രമുഖ നേതാവിനെയാണ് അപരനായി ഇറക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ നേതാവായ അരുവിയോട് സുരേന്ദ്രനെ തനിക്കെതിരെ മത്സരിപ്പിക്കുന്നത് കെ.പി.സി.സി നേതൃത്വമാണ്. അശ്ശീല രാഷ്ട്രീയം കളിക്കുകയാണ് യു.ഡി.എഫ്. വലിയ ഗൂഢാലോചനയാണ് നടന്നത്. മഞ്ചേശ്വരത്തെ ജനങ്ങൾ ഇതിന് മറുപടി കൊടുക്കും. ഘടകകക്ഷി മത്സരിക്കുന്ന സീറ്റിൽ ഉന്നത നേതാവിനെ മത്സരിപ്പിക്കാൻ കോൺഗ്രസിന് നാണമില്ലേ. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മത്സരിക്കുന്നതിന് പിന്നിൽ താനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്ന ജൽപനത്തിന് മറുപടിയില്ല. ഉണ്ണിത്താൻ ജയിച്ചത് എസ്.ഡി.പി.ഐ വോട്ട് കൊണ്ടാണ്. ആത്മകഥ ആളുകൾ വായിക്കാൻ വേണ്ടി കെ.എൻ.എ ഖാദർ ചെയ്ത പണിയാണ് ഡീൽ ആരോപണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |