
കൊല്ലം: ജില്ലയിൽ പോളിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അന്തിമ വോട്ടർപട്ടിക പ്രകാരം 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2087992 വോട്ടർമാരാണ് ജില്ലയിലുള്ളത്. പതിനൊന്ന് മണ്ഡലങ്ങളിലായി 59 സ്ഥാനാർത്ഥികളാണ് അങ്കത്തട്ടിലുള്ളത്.
ജില്ലയിൽ അവശ്യസർവീസ് വിഭാഗത്തിലുള്ള 3665 പേർ പോസ്റ്റൽ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ പോളിംഗും ഇന്നലെ പൂർത്തിയായി. ജില്ലയിൽ 1094 കേന്ദ്രങ്ങളിലായി 2256 പോളിംഗ് സ്റ്റേഷനുകളാണ് ആകെയുള്ളത്. ഒരു ബൂത്തിൽ ശരാശരി 1200 വോട്ടർമാരെ ക്രമീകരിച്ചതിന്റെ ഭാഗമായി 229 പൂതിയ പോളിംഗ് സ്റ്റേഷനുകൾ ഇത്തവണയുണ്ട്. പോളിംഗിനായി 2698 ബാലറ്റ് യൂണിറ്റുകളും 2691 കൺട്രോൾ യൂണിറ്റുകളും 2920 വി.വി പാറ്റ് യന്ത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
189 അതീവ പ്രശ്നബാധിത ബൂത്തുകൾ
രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷം, സാമുദായിക പ്രശ്നങ്ങൾ എന്നിവ നേരത്തേയുണ്ടായിട്ടുള്ള 189 അതീവ പ്രശ്നബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ പൊലീസിന് പുറമേ കേന്ദ്ര സേനയും സുരക്ഷയ്ക്കുണ്ട്. സംഘർഷങ്ങൾക്ക് സാദ്ധ്യതയുള്ള 353 പ്രശ്നബാധിത ബൂത്തുകളും ജില്ലയിലുണ്ട്.
14376 പേർ ഹോം വോട്ട് ചെയ്തു
85 വയസിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിലായി 14912 പേർ ഹോം വോട്ടിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ 14376 പേർ വോട്ട് ചെയ്തു. ഇതിൽ 10384 പേർ മുതിർന്ന പൗരന്മാരും 3992 പേർ ഭിന്നശേഷിക്കാരുമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിച്ച ശേഷം വീട്ടിലെത്തിയാണ് ഇവരുടെ വോട്ടുകൾ രേഖപ്പെടുത്തിയത്.
മണ്ഡലം തിരിച്ച് വോട്ടർമാർ
കരുനാഗപ്പള്ളി-214513
ചവറ-178798
കുന്നത്തൂർ-205694
കൊട്ടാരക്കര-193272
പത്തനാപുരം-179783
പുനലൂർ-197346
ചടയമംഗലം-201716
കുണ്ടറ-206464
കൊല്ലം-164541
ഇരവിപുരം-168865
ചാത്തന്നൂർ-177000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |