കുളത്തൂപ്പുഴ: മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട കാർ പാതയോരത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. യാത്രികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കുളത്തൂപ്പുഴ മടത്തറ പാതയിൽ കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് കവലയ്ക്ക് സമീപം മുഹമ്മദ് ഷായുടെ വീട്ടുമുറ്റത്തേക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ മുന്നരയോടെ കാർ മറിഞ്ഞത്. തമിഴ്‌നാട്ടിലെ സേലത്ത് സന്ദർശനം നടത്തി മടങ്ങുകയായിരുന്ന കല്ലറ സ്വദേശികളായ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ മുൻ ഭാഗം കുത്തി മുകളിലേക്ക് ഉയർന്ന കാർ സമീപത്തെ മരത്തിലിടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. കാറിലുണ്ടായിരുന്ന കുഞ്ഞടക്കം അഞ്ചു പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ലെന്ന് സ്ഥിരീകരിച്ചതോടെ ശുശ്രൂഷ നൽകി വിട്ടയച്ചു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |