SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.05 AM IST

മഴക്കാല രോഗങ്ങളെ പറപ്പിക്കാൻ ക്ളീൻ ഡ്രൈവ്

നേരത്തെ മഴ തുടങ്ങിയത് ആശങ്ക പരത്തുന്നു

കൊല്ലം: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് തുടങ്ങിവയ്ക്കും മുമ്പുതന്നെ മഴ എത്തി​യത് ആശങ്കയ്ക്ക് വഴി​മരുന്നായി​. വേനൽമഴ ഒന്നോ രണ്ടോ ദിനങ്ങളിൽ പെയ്തും ചാറിയും നിന്നിട്ട് പിൻവലിയുന്നതാണ് പതിവ്. ഇക്കുറി മഴ മാറിയിട്ടില്ല, ജൂൺ ആദ്യവാരത്തിലെ പെരുമഴക്കാലത്തോടൊപ്പം ചേരാൻ ഇത് തുടരുമെന്നുതന്നെയാണ് കാലാവസ്ഥ ഗവേഷകരുടെ വി​ലയി​രുത്തൽ.

മഴക്കാല ശുചീകരണ പ്രവർത്തനങ്ങളെന്ന നിലയിലാണ് ഇപ്പോൾ ശുചീകരണത്തിന് വേഗം കൂട്ടിയത്. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനംകൂടി ചേർത്ത് മെഗാ ഡ്രൈവാക്കി മാറ്റിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, വയറിളക്കം, വൈറൽ പനി തുടങ്ങി വിവിധ മഴക്കാല രോഗങ്ങൾ സംസ്ഥാനത്ത് സാധാരണയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കൊതുകാണ് മഴക്കാല രോഗങ്ങളുടെ പ്രധാന കാരണക്കാരൻ. ഓടകളും അഴുക്ക് ചാലുകളുമൊക്കെ വൃത്തിയാക്കൽ ജോലികളാണ് തുടങ്ങിവച്ചത്.

ഉറവിട നശീകരണം

 മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക

 ചിരട്ട, പ്ളാസ്റ്റിക് കപ്പുകളും പാത്രങ്ങളും കുപ്പികളും ടയറുകളുമടക്കം വെള്ളം കെട്ടിനിൽക്കാത്തവിധം സുരക്ഷിതമാക്കുക.

 വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ഭദ്രമായി മൂടിവയ്ക്കുക

 ഓടകൾ, തോടുകൾ, കുളങ്ങൾ, നീർച്ചാലുകൾ എന്നിവ മഴയ്ക്ക് മുൻപായി വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം

 ഹരിതകർമ്മ സേനയും കുടുംബശ്രീയും ആരോഗ്യ പ്രവർത്തകരും വീടുകളിലെത്തി ബോധവത്കരണം നടത്തും

 അജൈവ മാലിന്യങ്ങൾ ശേഖരിക്കാനും സംവിധാനമുണ്ട്.

പവിത്രേശ്വരത്ത് ജനകീയ ക്ളീൻ ഡ്രൈവ്

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്ളീൻ ഡ്രൈവ് ജനകീയമായി. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽപേർക്ക് ഡെങ്കിപ്പനി ബാധിച്ച പഞ്ചായത്താണ്. പഞ്ചായത്തിലെ 20 വാർഡുകളിലും ഇന്നലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പുത്തൂർ പഴയചിറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.കെ.വിനോദിനി ക്ളീൻ ഡ്രൈവിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, പൊതുസ്ഥലങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇന്നുമുതൽ ഉറവിട നശീകരണ പ്രവർത്തനവും ക്ളോറിനേഷനും ഭവന സന്ദർശനവും നടത്തുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.എസ്.ഡാലി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL