കൊല്ലം: നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66ന്റെ ഭാഗമായ ആൽത്തറമൂട് മേൽപ്പാലത്തോട് ചേർന്നുള്ള റോഡിലെ വിള്ളൽ ഭീതി പരത്തുന്നു. ആൽത്തറമൂടിനും കാവനാടിനും ഇടയിൽ ചെപ്പള്ളിമുക്ക് ഭാഗത്ത് സുപ്രഭാതം ഹോട്ടലിന് സമീപമുള്ള ഉയരപ്പാതയുടെ ഇരുവശങ്ങളിലുമായാണ് മൂന്ന് മുതൽ നാല് മീറ്ററോളം നീളത്തിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് റോഡിലെ വിള്ളൽ ആദ്യം കണ്ടത്. മുമ്പക ഇതേ ഭാഗത്ത് പാർശ്വഭിത്തി തള്ളി വരികയും തുടർന്ന് അധികൃതർ ഇടപെട്ട് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നതാണ്. കഴിഞ്ഞ ദിവസം നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് തൊഴിലാളികൾ സ്ഥലത്തെത്തി വിള്ളലുകളിലേക്ക് ടാർ ഉരുക്കി ഒഴിച്ച് താത്കാലികമായി അടച്ചിരുന്നെങ്കിലും അതിനുശേഷം പെയ്ത ശക്തമായ മഴയിൽ റോഡിന്റെ മറുഭാഗത്തും പുതിയ വിള്ളലുകൾ രൂപപ്പെടുകയായിരുന്നു.
ഏഴിൽപ്പരം തുരുത്തുകൾ ഉൾക്കൊള്ളുന്ന മുക്കാട് പ്രദേശത്തിനുള്ള ഏക പ്രവേശന കവാടം അടച്ചുപൂട്ടുകയും ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ ആർ.ഇ വാളുകൾ നിർമ്മിക്കുകയും ചെയ്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനദ്രോഹ നടപടിയിൽ നിന്ന് അധികൃതർ പിന്മാറണമെന്ന് യു.ഡി.എഫ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺക്രീറ്റ് മതിലുകൾക്ക് പകരം കൽത്തൂണുകൾ നിർമ്മിച്ച്, വേർതിരിവുകൾ ഇല്ലാത്തതും ജനങ്ങൾക്ക് ഭയവും ബുദ്ധിമുട്ടും ഉണ്ടാക്കാത്തതുമായ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾ തയ്യാറാകണമെന്ന് മണ്ഡലം കമ്മിറ്റി ചെയർമാൻ കിടങ്ങിൽ സന്തോഷ്, കൺവീനർ എം. പുഷ്പാംഗദൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |