SignIn
Kerala Kaumudi Online
Thursday, 04 June 2026 5.55 AM IST

വൃദ്ധന്റെ കൊലപാതകം: പ്രതിയെ കുടുക്കിയത് പൊലീസ് പോർട്ടൽ

biju

കൊല്ലം: സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് സമീപത്തെ കടവരാന്തയിൽ ഉറങ്ങിക്കിടന്ന വൃദ്ധനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബിജുവിനെ കുടുക്കിയത് പൊലീസിന്റെ ഫേസ് റെക്കഗ്‌നൈസിംഗ് പോർട്ടൽ. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യത്തിലെ പ്രതിയുടെ മുഖം പോർട്ടലിൽ അപ്‌ലോഡ് ചെയ്തപ്പോൾ തക്കലയിലെ കൊലപാതകത്തിൽ പിടിയിലായപ്പോൾ പകർത്തിയ ബിജുവിന്റെ വ്യക്തമായ ചിത്രം ലഭിച്ചു. ഈ ചിത്രം ഉപയോഗിച്ചാണ് ബിജുവിനായി തമിഴ്നാട്ടിലടക്കം തെരച്ചിൽ നടത്തിയത്.

ബിജുവിനെ തിരിച്ചറിഞ്ഞതോടെ സ്വദേശമായ തക്കലയിലേക്ക് അന്വേഷണ സംഘത്തിലെ ഒരുവിഭാഗം പുറപ്പെട്ടു. അവിടെയെത്തി സുഹൃത്തുക്കളിൽ നിന്നും പ്രതി സ്ഥിരമായി തങ്ങാറുള്ള മാർത്താണ്ഡം, വാൽപ്പാറ അടക്കമുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു.

തമിഴ്നാട് പൊലീസുമായി ചേർന്ന് വാൽപ്പാറ, മാർത്താണ്ഡം, പൊള്ളാച്ചി, കന്യാകുമാരി, കുറ്റാലം എന്നിവിടങ്ങളിലേയ്ക്ക് തെരച്ചിൽ വ്യാപിപ്പിച്ചു. ഇതിനിടയിലാണ് ബിജു വാൽപ്പാറയിൽ വച്ച് തമിഴ്നാട് പൊലീസിന്റെ കണ്ണിൽപ്പെട്ടത്. കൊല്ലത്ത് നിന്ന് കൊല്ലം - തിരുമംഗലം പാതയിലെ 60 ഓളം നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി തെന്മലയിലെത്തിയെന്ന് സ്ഥിരീകരിച്ചു. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

പകൽ ഉറക്കം, രാത്രിയിൽ ഭിക്ഷാടനം

കൽപ്പണിക്കാരനാണെങ്കിലും ബിജു ജോലിക്ക് പോകാറില്ല. പകൽ സമയത്ത് കൂടുതൽ എവിടെയെങ്കിലും കിടന്നുറങ്ങും. സൗജന്യമായി ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലാണ് സ്ഥിരമായി തമ്പടിക്കാറുള്ളത്. വൈകിട്ടാകുമ്പോൾ ആൾക്കൂട്ടത്തിൽ പത്തും ഇരുപതും രൂപ യാചിക്കും. കിട്ടുന്ന പണവുമായി ബാറിൽ പോയി മദ്യപിക്കും. കൊലപാതക ശേഷം വാൽപ്പാറയിലെത്തി സൗജന്യമായി ഭക്ഷണം കിട്ടുന്ന സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്ക് വളഞ്ഞതോടെ ബിജു പ്രകോപിതനായെങ്കിലും ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്ന് അറിയാൻ വിശദമായി ചോദ്യം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL