
കൊല്ലം: വിവാഹം മുടങ്ങിയതിന്റെ വൈരാഗ്യത്തിൽ ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഞ്ചൽ ആർച്ചൽ സ്വദേശി വിവേകിന്റെ ബുള്ളറ്റ് കത്തിച്ച കേസിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജിനെയാണ് (26) അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിവേകിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.
കനത്ത സുരക്ഷയിലാണ് ആരതിയെ എത്തിച്ചത്. കൂടാതെ സമീപത്തെ കടത്തിണ്ണയിലും മറ്റും പ്രതിയുമായി തെളിവെടുപ്പ് നടത്തി. യുവതിയെ കാണാനായി നിരവധി പ്രദേശവാസികളും എത്തിയിരുന്നു.
കഴിഞ്ഞ മാസം 24ന് പുലർച്ചെയായിരുന്നു സംഭവം. വിവേകിന്റെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് പ്രതികൾ കത്തിച്ചത്. മൂന്ന് വർഷം മുമ്പ് വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ നടന്ന ലാത്തിച്ചാർജാണ് ബൈക്ക് കത്തിക്കലിലേക്ക് നയിച്ചതെന്ന് സംഭവസ്ഥലത്തുനിന്ന് ലഭിച്ച കത്തിലൂടെ ആദ്യം തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും പിന്നീട് പൊലീസ് യഥാർത്ഥ പ്രതികളിലേക്ക് എത്തുകയായിരുന്നു. അഞ്ചൽ സി.ഐ ബിജു, എസ്.ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |