കൊല്ലം: അനാഥ ബാല്യങ്ങൾക്ക് ആശ്വാസമേകാൻ വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച 'കുട്ടിക്കുപ്പായം' പദ്ധതി ജില്ലയിൽ രണ്ടാഴ്ചകൊണ്ട് ഹിറ്റായി. കളക്ടറേറ്റ് ഉൾപ്പെടയുള്ള പ്രധാന ഇടങ്ങളിൽ സ്ഥാപിച്ച ചെറിയ അലമാരകളിലൂടെ 18 വയസുവരെയുള്ള അനാഥക്കുഞ്ഞുങ്ങൾക്ക് വസ്ത്രശേഖരണമാണ് ലക്ഷ്യമിട്ടത്. 90 പുതുവസ്ത്രങ്ങൾ ഇതിനകം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കൈമാറാൻ കഴിഞ്ഞുവെന്നത് പദ്ധതിയെ നാട് നെഞ്ചേറ്റിയതിന്റെ തെളിവായി.
ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ അഭയം തേടേണ്ടിവന്ന കുട്ടികൾക്കുവേണ്ടിയാണ് പുതുവസ്ത്രങ്ങൾ ശേഖരിക്കാനായി കുട്ടിക്കുപ്പായം പദ്ധതി തുടങ്ങിയത്. കഴിഞ്ഞ 9ന് മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 34 ചിൽഡ്രൻസ് ഹോമുകളിലായി നിലവിൽ 580 കുട്ടികൾ താമസിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഏറ്റെടുത്ത് പാർപ്പിക്കേണ്ടിവന്ന നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ളവരാണ് ചിൽഡ്രൻസ് ഹോമുകളിലുള്ളത്. വിശേഷ ദിനങ്ങളിൽ മറ്റുള്ളവരെപ്പോലെ പുതുവസ്ത്രങ്ങൾ അണിയണമെന്ന ഇവരുടെ ആഗ്രഹങ്ങൾക്കാണ് 'കുട്ടിക്കുപ്പായം' നിറം പകരുന്നത്. മണലിൽ ക്ഷേത്രത്തിന് സമീപത്തെ അഡോപ്ഷൻ സെന്ററിൽ മാത്രം 6 വയസിൽ താഴെയുള്ള 27 കുഞ്ഞുങ്ങളുണ്ട്. ഇവർക്കാണ് കുട്ടിക്കുപ്പായത്തിലെ വസ്ത്രങ്ങൾ ആദ്യം നൽകിയത്.
അടച്ചുറപ്പുള്ള അലമാരയിലേക്ക്
സിവിൽ സ്റ്റേഷനിൽ അടച്ചുറപ്പില്ലാത്ത ചെറിയ അലമാര മാത്രമാണ് പദ്ധതിക്കുവേണ്ടി സ്ഥാപിച്ചത്. അടച്ചുറപ്പുള്ള പെട്ടികൾ സ്ഥാപിക്കാൻ കളക്ടർ ആനി ജൂലാ തോമസ് നിർദ്ദേശം നൽകി. കളക്ടർ തന്നെ പുതിയ പെട്ടികൾക്കുള്ള രൂപകല്പനയും നടത്തി. കളക്ടറേറ്റിൽ രണ്ട് വലിയ പെട്ടികൾ ഉടൻ സ്ഥാപിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ തുറന്ന് പുറത്തെടുക്കാനാവൂ. ജില്ലാ ആശുപത്രിയിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും കലാലയങ്ങളിലും പെട്ടികൾ സ്ഥാപിക്കാനാണ് തീരുമാനം.
'കുട്ടി' പേരിൽ മാത്രം!
കുട്ടിക്കുപ്പായമെന്ന പേരുള്ളതിനാൽ അലമാരയിലെത്തുന്നതെല്ലാം കുഞ്ഞുടുപ്പുകളാണ്. 18 വയസുവരെയുള്ള കുട്ടികൾ വിവിധ കേന്ദ്രങ്ങളിലുണ്ട്. ഇവർക്കു കൂടി പാകമായ വസ്ത്രങ്ങൾ എത്തിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന.
കുട്ടിക്കുപ്പായം പദ്ധതി ജനങ്ങൾ ഏറ്റെടുത്തതിൽ അഭിമാനം. പൊതുജനങ്ങളിൽ നിന്നു നല്ല പ്രതികരണം ഉണ്ടാകുന്നു. വിദ്യാലയങ്ങളിൽ നിന്നൊക്കെ വസ്ത്രങ്ങൾ എത്തിച്ചു തന്നു. ജന്മദിനം, വിവാഹ വാർഷികം തുടങ്ങി വിശേഷ ദിനങ്ങളിൽ വസ്ത്രങ്ങൾ കുട്ടിക്കുപ്പായത്തിലേക്ക് നൽകി ഈ കാരുണ്യ പദ്ധതിയുടെ ഭാഗമാകാം
ആനി ജൂലാ തോമസ്, കളക്ടർ
.................................
കുട്ടിക്കുപ്പായം പദ്ധതിയെപ്പറ്റി ദിവസവും ആളുകൾ വിളിച്ച് ചോദിക്കുന്നുണ്ട്. വസ്ത്രമെത്തിച്ചുതരാൻ പലരും തയ്യാറാണ്. കഴിഞ്ഞ ദിവസം കൊട്ടാരക്കര നിന്ന് ഒരു വസ്ത്രവ്യാപാരി വിളിച്ചത് 100 വസ്ത്രങ്ങൾ എത്തിച്ചു തരാമെന്ന് പറയാനാണ്. ഓണത്തിന് തന്നാൽ മതിയെന്ന് പറഞ്ഞു. ഓണം കളറാകും
എൽ.രഞ്ജിനി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ (ഫോൺ : 9446328531)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |